HONESTY NEWS ADS

യു.കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ട് പേർ അറസ്റ്റിൽ

യു.കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി

കൊടകര ആളൂര്‍ സ്വദേശിയായ യുവാവിന് യു.കെയിലേക്ക് ജോബ് വിസ ശരിക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പുത്തന്‍ചിറ സ്വദേശിനി പൂതോളി പറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരെയാണ്  ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷും സംഘവും പിടികൂടിയത്. കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ  പൊലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.


സജിത്ത് എന്ന യുവാവിന്‍റ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘാംഗം മഫ്തിയില്‍ പിന്‍തുടര്‍ന്നു. പിന്നീട് ഇരുവരേയും മാളയില്‍വച്ച്  പൊലീസ് സംഘം പിടികൂടുകയായിരുന്നു. 2023 ഓഗസ്റ്റ് മാസം മുതല്‍ 2024 ജനുവരി വരെയുള്ള സമയങ്ങളില്‍ പല തവണയായി ലക്ഷങ്ങള്‍ നിമ്മിയും അഖിലും യുവാവിൽ നിന്നും കൈക്കലാക്കിയിട്ടുണ്ട്. പന്ത്രണ്ടു ലക്ഷത്തി എണ്‍പത്തിനാലായിരം രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം യുവാവിനെ പറ്റിച്ച്  വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.


നിമ്മിയുടെ നിര്‍ദേശപ്രകാരം വേറെ അക്കൗണ്ടുകളിലേക്കും ഇയാൾ പണം നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടുകാര്‍ക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, എസ്.ഐമാരായ കെ.എസ്. സുബിന്ദ്, ബിജുജോസഫ്. എ.എസ്.ഐ. ടി.ആര്‍. രജീഷ്, ഇ.പി. മിനി, സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്. ജീവന്‍, പി.ടി. ദിപീഷ് സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കെ.കെ. ജിബിന്‍, ഹോം ഗാര്‍ഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS