
പാലായിൽ നിന്ന് കാണാതായ വയോധികന് വേണ്ടി ഊർജ്ജിത തെരച്ചിലുമായി പൊലീസ്. മീനച്ചിൽ സ്വദേശിയായ മാത്യു തോമസിന് വേണ്ടി ഡോഗ് സ്ക്വാഡിനെ ഉൾപ്പെടെ എത്തിച്ചാണ് വീടിന് പരിസരത്ത് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ മാസം 21നായിരുന്നു കോട്ടയം മീനച്ചലിലിലെ വീട്ടിൽ നിന്ന് മാത്യു തോമസിനെ കാണാതാവുന്നത്. അയൽവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞിറങ്ങിയ മാത്യു, രാത്രിയായിട്ടും എത്തിയില്ല.
കാണാതാവുമ്പോൾ മാത്യുവിന്റെ കൈയിൽ മൊബൈൽ ഫോണോ പണമോ ഇല്ലായിരുന്നു. ഒരു മാസമായിട്ടും കാര്യമായ സൂചന കിട്ടാതെ വന്നതോടെയാണ് പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ തെരച്ചിൽ നടത്തിയത്. കൊച്ചിയിൽ നിന്ന് കെഡാവർ നായകളെ എത്തിച്ച് വീടിന് പരിസരവും അടുത്തുളള റബ്ബർ തോട്ടവുമൊക്കെ പരിശോധിച്ചു. എന്നിട്ടും കാര്യമായ സൂചനകളൊന്നുമില്ല.
നേരത്തെ ഒരുതവണ മാത്യു തോമസിനെ കാണാതായിരുന്നു. അന്ന് അവശ നിലയിൽ വഴിയോരത്ത് വീണുകിടന്ന മാത്യു തോമസ് രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. മാത്യുവിന്റെ വീട്ടിലോ പരിസരത്തോ, സിസിടിവി ക്യാമറകൾ ഇല്ലാത്തതും പ്രധാന റോഡുകളിലെ സിസിടിവി ക്യാമറകളിൽ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പതിയാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.