
പുല്ലുപാറയിലെ ബസ് ദുരന്തത്തിൽ മരിച്ചവർക്ക് വേദനയോടെ യാത്രാമൊഴി നല്‍കി ജന്മനാട്. പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച റിട്ടയേര്‍ഡ് കസ്റ്റംസ് സൂപ്രണ്ട് മാവേലിക്കര കൊറ്റാർകാവ് കൗസ്തുഭത്തിൽ ജി കൃഷ്ണനുണ്ണിത്താന്റെ ഭാര്യ ബിന്ദു നാരായണന്റെയും (62), തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തിൽ സോമനാഥൻ പിള്ളയുടെയും വിജയകുമാരിയുടെയും മകൻ സംഗീത് സോമന്റെയും (43) സംസ്കാരം നടന്നു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എം എസ് അരുൺകുമാർ എംഎൽഎ, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി ഹരിശങ്കർ, എ മഹേന്ദ്രൻ, ജി രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ഏരിയ സെക്രട്ടറി ജി അജയകുമാർ, പി വി സന്തോഷ് കുമാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
അപകടത്തിൽ കൃഷ്ണൻ ഉണ്ണിത്താനും മോഹനൻ നായർ എന്നയാൾക്കും പരിക്കേറ്റിരുന്നു. അരുൺ ഹരി (37), രമ മോഹൻ (64) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. അരുണിന്റെ സംസ്കാരം നാളെ പകൽ രണ്ടിനും രമയുടെ സംസ്കാരം പകൽ മൂന്നിനും നടക്കും. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റിരുന്നു.