GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ഇടുക്കിയില്‍ പാറപൊട്ടിച്ച സ്ഥലങ്ങളില്‍ വ്യാപക പരിശോധന, അന്വേഷണം വ്യാജ പരാതിയിലെന്ന് സിവി വര്‍ഗീസ്

ഇടുക്കിയില്‍ പാറപൊട്ടിച്ച സ്ഥലങ്ങളില്‍ വ്യാപക പരിശോധന, അന്വേഷണം വ്യാജ പരാതിയിലെന്ന് സിവി വര്‍ഗീസ്


അനധികൃതമായി പാറപൊട്ടിച്ചു എന്ന് പരാതി ഉയർന്നതിനാല്‍ തങ്കമണി, ഉപ്പുതോട് വില്ലേജുകളിലെ വിവിധ ഇടങ്ങളില്‍ വെള്ളിയാഴ്ച ഇടുക്കി സബ്കളക്ടർ അനൂപ് ഗാർഗിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. പാറമടകളിലും റോഡ് നിർമാണത്തിന്റെ പേരില്‍ പാറപൊട്ടിച്ചിടങ്ങളിലുമാണ് പരിശോധന. സി.പി.എം. ഇടുക്കി ജില്ല സെക്രട്ടറി സി.വി.വർഗീസ്, മകൻ അമല്‍ വർഗീസ്, മരുമകൻ സജിത്ത് കടലാടിമറ്റം എന്നിവർ അനധികൃതമായി പാറപൊട്ടിക്കുന്നതായി പേര് വെളിപ്പെടുത്താത്ത ഒരാള്‍ പരാതി നല്‍കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഉടുമ്ബൻചോല ഭൂരേഖ തഹസില്‍ദാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി താലൂക്കില്‍ വെള്ളിയാഴ്ച പരിശോധന നടന്നത്. എന്നാല്‍, ഇടയ്ക്ക് നടക്കാറുള്ള സ്വാഭാവിക പരിശോധനയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്റ്റോപ്പ് മെമ്മോ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടുന്ന സ്ഥലങ്ങളില്‍ വീണ്ടും ഖനനം നടക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


പലസ്ഥലങ്ങളിലും റോഡ് നിർമാണത്തിനാവശ്യമായതില്‍ അധികം പാറപൊട്ടിച്ചതായി ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തങ്കമണി വില്ലേജിലെ മരിയാപുരം, പാണ്ടിപ്പാറ മേഖലകളിലും ഉപ്പുതോട് വില്ലേജിലെ ഈയല്‍സിറ്റി, കുരിശുപാറ, വിമലഗിരി, പാറക്കടവ്, ഉപ്പുതോട് മേഖലകളിലുമാണ് പരിശോധന നടന്നത്. ഈ സ്ഥലങ്ങളില്‍ മുൻപ് തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നല്‍കുകയും പിഴയിടുകയും ചെയ്തിരുന്നതാണ്. കുരിശുപാറയില്‍ റോഡുപണിയുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കുന്നുണ്ട്.


അന്വേഷണം നടത്തുന്നത് വ്യാജപരാതിയില്‍, മക്കള്‍ പാറപൊട്ടിച്ചെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ- സി.പി.എം. ഇടുക്കി ജില്ലാസെക്രട്ടറി

പേര് വെക്കാതെ ലഭിച്ച വ്യാജപരാതിയിൻമേലാണ്, ജില്ലാ കളക്ടർ തനിക്കെതിരേ അന്വേഷണത്തിന് നിർദേശം നല്‍കിയതെന്ന് സി.പി.എം. ഇടുക്കി ജില്ല സെക്രട്ടറി സി.വി.വർഗീസ്. പരാതിയെക്കുറിച്ച്‌ പ്രാഥമികമായി അന്വേഷണം നടത്താതെ ഇത്തരമൊരു നീക്കം നടത്തിയത് കളക്ടറുടെ വീഴ്ചയാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ല സെക്രട്ടറിയും മകനും മരുമകനും അനധികൃതമായി പാറപൊട്ടിക്കുകയും മണ്ണെടുക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഉടുമ്ബൻചോല ഭൂരേഖ തഹസില്‍ദാർ അന്വേഷണത്തിന് ഉത്തരവിട്ടതിനെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പരാതി അടിസ്ഥാനരഹിതമാണ്. ഊരും പേരുമില്ലാത്ത പരാതി ലഭിച്ചയുടൻ ഉടുമ്ബൻചോല തഹസില്‍ദാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും വിവരം മാധ്യമപ്രവർത്തകരെ അറിയിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് മര്യാദകേടിന്റെ അങ്ങേയറ്റമാണ്. പരാതിയുടെ അടിസ്ഥാനം കളക്ടർ അന്വേഷിച്ചില്ല. പ്രാഥമികാന്വേഷണംപോലും നടത്താതെ സി.പി.എമ്മിനെയും ജില്ല സെക്രട്ടറിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഉത്തരവ്.


ഇതിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിയമപരമായും രാഷ്ട്രീയപരമായും ഇടപെടും. മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിനെ വേട്ടയാടാനുള്ള മാർഗമാണ് ഉദ്യോഗസ്ഥരുടെ നടപടി. ജില്ലാ ഭരണകൂടത്തിലും താലൂക്ക് ഓഫീസിലും നടന്ന ഗൂഢാലോചനയില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന് കരുതുന്നു.


ഇടുക്കിയില്‍ നിർമാണനിരോധനം നിലനില്ക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് വീട് വെക്കാനോ റോഡ് നിർമിക്കാനോ പാറപൊട്ടിച്ചാല്‍ അതെല്ലാം അനധികൃത ഖനനമാണെന്ന നിലപാട് സി.പി.എമ്മിനില്ല. കുടുംബാംഗങ്ങള്‍ അനധികൃത ഖനനം നടത്തിയെങ്കില്‍ അവർക്കെതിരേ നിയമനടപടി സ്വീകരിക്കട്ടെ. മക്കള്‍ക്കുവേണ്ടി ആരോടും ശുപാർശചെയ്തിട്ടില്ല.


ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെ റോഡ് വീതികൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ പൊതുമരാമത്ത് നടത്തുന്നുണ്ട്. പാറ പൊട്ടിച്ചുമാറ്റി ആ കല്ലുകള്‍ ഉപയോഗിച്ചാണ് അവിടെ സംരക്ഷണഭിത്തി കെട്ടുന്നത്. ആയിരക്കണക്കിന് ആളുകള്‍ രാത്രിയും പകലും കണ്ടുകൊണ്ടിരിക്കുന്ന ഈ നിർമാണജോലിയില്‍, പാറപൊട്ടിക്കുന്നത് ജില്ലാ സെക്രട്ടറിയാണെന്ന തരത്തിലാണ് വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.