വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് പൊരുതി തോല്‍പ്പിച്ച കായിക പ്രതിഭ പി.ഡി. പ്രമോദിന് ബംഗളരുവില്‍ നടന്ന ദേശീയ തായ്‌ക്കോണ്ടാ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ലഭിച്ചു. ചെറുതോണി യൂണിവേഴ്‌സല്‍ അക്കാദമി മാസ്‌റ്റര്‍ പോള്‍ ജോര്‍ജിന്റെ കീഴില്‍ കേവലം ഒരു വര്‍ഷത്തെ പരിശീലനംകൊണ്ടാണ് അംഗ പരിമി തനായിട്ടും പ്രമോദ് ഈ സുവര്‍ണ നേട്ടം കൈവരിച്ചത്. വിവിധ മേഖലകളില്‍ വിവിധ മത്സരങ്ങളിലായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രമോദ് (41) ചുരുളി ആല്‍പ്പാറ പള്ളിക്കുന്നേല്‍ ദാസിന്റെയും, ചിന്നമ്മയുടെയും മകനാണ്. ജന്‍മനാ പ്രമേദിന് ഇടത് കൈ ഇല്ലായിരുന്നു, വലതുകൈ ശോഷിച്ച് ചുരുങ്ങിയ നിലയിലും. ഇതിനെയൊക്കെ അതിജീവിച്ചാണ് കായിക മേഖലയിലെ സമസ്‌ത രംഗത്തും കയ്യൊപ്പ് ചാര്‍ത്താന്‍ ഈ യുവാവിന് കഴിഞ്ഞത്.
കയ്യില്ലാത്തവനെന്ന വിളിപ്പേരിലൊതുങ്ങാതെ കാലുകള്‍ ആയുധമാക്കി ഫുട്‌ബോള്‍ കളിയില്‍ ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. വിധിയെ മറികടന്നോടി വികലാംഗനായ പ്രമോദ് ദീര്‍ഘദൂര ഓട്ടമായ മാരത്തണില്‍ പങ്കെടുത്ത വികലാംഗനായ ഏക രാജ്യാന്തര താരമായി മാറി. കൊച്ചി, ബംഗളരു, ചെന്നൈ എന്നിവിടങ്ങളിലെ മത്സരങ്ങളിലും പങ്കെടുത്ത് നേട്ടങ്ങള്‍ കൊയ്‌തു. കഞ്ഞിക്കുഴി എസ്.എന്‍ ഹൈസ്‌ക്കൂളിലെ കായികാധ്യപകയായിരുന്ന ഓമനയാന്ന് പ്രമോദിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞത്.
എറണാകുളം മഹാരാജാസ് കോളേജില്‍ ഇക്കണോമിക്‌സ് ബിരുദ പഠനത്തിനെത്തിയപ്പോള്‍ മുതലാണ് പ്രമോദിലെ കായിക പ്രതിഭയെ ലോകം തിരിച്ചറിയാന്‍ തുടങ്ങിയത്. യൂണിവേഴ്‌സിറ്റി നാഷണല്‍ ഫുട്‌ബോള്‍ പ്‌ളയറായാണ് തുടക്കം. ഏഷ്യയില്‍ ആദ്യമായി ഫിഫ ലെവല്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കിയ കോച്ചെന്ന ബഹുമതിക്കും അര്‍ഹനായി.ഏഷ്യന്‍ ഫുഡ്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകാരമുള്ള കോച്ചാണ് പ്രമോദ്, കേന്ദ്ര മിനിസ്‌ട്രി.ഓഫ് ആയുഷിന്റെ കീഴില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ 28 രാജ്യങ്ങളില്‍നിന്നുമുള്ള കായിക താരങ്ങള്‍ക്കൊപ്പം മത്സരിച്ച് ഏഴാം സ്‌ഥാനം കരസ്‌ഥമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമില്‍ മത്സരിച്ച ആദ്യ വികലാംഗനെന്ന നേട്ടവും ഇയാള്‍ക്ക് സ്വന്തം, നെടുമ്ബാശേരി ജന സേവന കേന്ദ്രത്തിലെ പരിശീലകനായിരുന്നു, ഫുട്‌ബോളിനും, ഓട്ടമത്സരത്തിനും പുറമെ ടേബിള്‍ ടെന്നിസിലും, നീന്തലിലും കഴിവ് തെളിയിച്ചു.
ഇതിനകം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, യു.ആര്‍.എഫ് വേള്‍ഡ് വൈഡ് റെക്കോര്‍ഡ്, നാഷണല്‍ ഐക്കണ്‍ അവാര്‍ഡ് ഗ്രാന്റ്‌മാസ്‌റ്റര്‍ പദവി എന്നിവ പ്രമോദിനെ തേടി എത്തി. റവന്യൂ വകുപ്പില്‍ ഇടുക്കി കളക്‌ട്രേറ്റില്‍ ഓഫീസ് അറ്റന്റന്റായി ജോലി നോക്കുന്ന പ്രമോദ് ദേശീയ നേട്ടങ്ങള്‍ക്കുടമകളായ മറ്റ് കായിക താരങ്ങള്‍ക്ക് ലഭിച്ച പരിഗണന തനിക്ക് ഉദ്യോഗകാര്യത്തില്‍ ലഭിച്ചില്ലന്ന് പരിഭവപ്പെടുന്നു. തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന തുച്‌ഛമായ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ച് കളിയുപകരണങ്ങള്‍ വാങ്ങി 150 തോളം കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ പരിശീലനം നല്‍കി വരുന്നു. തായ്‌ക്കണ്ടയില്‍ സ്വര്‍ണം ലഭിച്ചതോടെ ഈ വരുന്ന മെയ് മാസം മലേഷ്യയില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി. 2028 ലെ പാരാ ഒളിമ്ബിക്‌സില്‍ തായ്‌ക്കോണ്ടാ മത്സരത്തില്‍ 60 കിലോ വിഭാഗത്തില്‍ പങ്കെടുക്കാനുള്ള ഊര്‍ജ്‌ജിത പരിശീലനത്തിലാണ് ഇപ്പോള്‍ പ്രമോദ്. എലിസബത്താണ് ഭാര്യ.