
തിരുവല്ല നഗരമധ്യത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചയാള്‍ പോലീസിന്റെ പിടിയില്‍. ഇടുക്കി മാങ്കുളം വിരിപാറ അടാട്ട് വീട്ടില്‍ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ.ജെ തോമസ്(69) ആണ് പിടിയിലായത്. മിഡാസ് ബ്യൂട്ടിപാര്‍ലര്‍, ആല്‍ഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളില്‍ നടത്തിയ മോഷണത്തിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2022ലും 2024ലും തിരുവല്ലയിലെ നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്. തിരുവല്ലയിലെ ബ്യൂട്ടിപാർലറിൽ ആയിരുന്നു ആദ്യം മോഷണം. കഴിഞ്ഞവർഷം നഗരത്തിലെ ഷോപ്പിംഗ് സെൻററിൽ നിന്നും പണം കവർന്നു. ആദ്യ കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ആദ്യ കേസിലെ ശാസ്ത്രീയ തെളിവുകൾ രണ്ടാമത്തെ കേസിലെ തെളിവുകളുമായി യോജിച്ചതോടെയാണ് അന്വേഷണം എ ജെ തോമസിലേക്ക് നീങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളിലൂടെ രണ്ട് കേസുകളിലും പ്രതി ഒരാളാണെന്ന് ഉറപ്പിച്ചു അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകി. മോഷണം പതിവാക്കിയ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്നുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു