HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം ജലശുദ്ധീകരണശാല; ആറ് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള വിതരണ പമ്പുകളും പൈപ്പുകളും ഇടുക്കിയിലെത്തി; ഡാമിലെ ജലനിരപ്പ് താഴ്ന്നാലും ഫ്‌ലോട്ടിങ്ങ് പമ്പുകള്‍ കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലാ ആസ്ഥാന മേഖലയിലെ ആറ് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള വിതരണ പമ്പുകളും പൈപ്പുകളും ഇടുക്കിയില്‍ എത്തി

ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ ആറ് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള വിതരണ പമ്പുകളും പൈപ്പുകളും ഇടുക്കിയില്‍ എത്തി. ഇടുക്കി- കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി (ഭാഗികം), വാത്തികുടി, വണ്ണപ്പുറം (ഭാഗികം) പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി ഇടുക്കി ഡാമില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് ഫ്‌ലോട്ടിങ്ങ് പമ്പുകളും അനുബന്ധ പൈപ്പുകളുമാണ് എത്തിച്ചിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള കമ്പനിയില്‍ നിന്നെത്തിയ പൈപ്പുകള്‍ ചെറുതോണി മെഡിക്കല്‍ കോളേജിന് സമീപമാണ് ഇറക്കിയിരിക്കുന്നത്. 


230 HP ശേഷിയുള്ള മൂന്നു പമ്പുകളാണ് ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ചുരുളി ജലാശയത്തില്‍ നിന്നും കട്ടപ്പന മുനിസിപ്പാലിറ്റിയ്ക്കുള്‍പ്പെടെ പ്രദേശങ്ങളില്‍ ജലം ലഭ്യമാക്കുന്ന പദ്ധതിയുടെയും പമ്പുകളും എത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി ചെറുതോണിയില്‍ മെഡിക്കല്‍ കോളേജിന് സമീപം ജലശുദ്ധീകരണശാല ഒരുങ്ങി വരുന്നു. 35 എം.എല്‍.ഡി ശേഷിയുള്ള പ്ലാന്റില്‍ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഫ്‌ലോട്ടിങ് പമ്പുപയോഗിച്ച് പമ്പ് ചെയ്തു എടുക്കുന്നത്. ഫ്‌ലോട്ടിങ് പമ്പുകള്‍ സ്ഥാപിക്കുന്നതിന് കിണറും മറ്റും ആവശ്യമായി വരുന്നില്ല. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പാലവും (ഫ്‌ലോട്ടിങ്  ബ്രിഡ്ജ് ) ഇതോടൊപ്പം പമ്പ് സെറ്റ് ഘടിപ്പിച്ച് ഇതില്‍ നിന്നും പമ്പിങ്ങ് ലൈനുകള്‍ സ്ഥാപിച്ച് കരയ്ക്ക് സമീപമുള്ള  പ്രധാന പൈപ്പ് ലൈന്‍ വഴിയാണ് ശുദ്ധീകരണശാലയില്‍ വെള്ളം എത്തിക്കുന്നത്. 


ഫ്ളോട്ടിങ്ങ് സംവിധാനമായതിനാല്‍ റിസര്‍വോയറിലെ  ജലനിരപ്പ് മാറുന്നതിനനുസരിച്ച് പ്രത്യേക സംവിധാനം കൂടാതെതന്നെ തുടര്‍ച്ചയായി, തടസ്സം കൂടാതെ പമ്പിങ്ങ് ചെയ്യാന്‍ കഴിയുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട 700 എം.എം ഡിഐ പൈപ്പുകള്‍ കഴിഞ്ഞ ആഴ്ച സൈറ്റില്‍ എത്തിയിരുന്നു. ഈ പൈപ്പുകളുടെ സ്ഥാപന പ്രവര്‍ത്തികള്‍ വരും ആഴ്ചകളില്‍ തുടങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു.


ഇടുക്കി നിയോജകമണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലായി കുടിവെള്ളം എത്തിക്കുന്നതിന് ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 706 കോടി രൂപയുടെ പദ്ധതികളാണ് നടന്നു വരുന്നത്. ഇടുക്കി ജലാശയം, പൊന്മുടി ജലാശയം ഉള്‍പ്പെടെയുള്ള ജലാശയങ്ങളാണ് ഇതിനായി ജലസ്രോതസായി ഉപയോഗിക്കുക. പദ്ധതിയുടെ പൂര്‍ത്തീകരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS