
കൊച്ചി സ്വർണ്ണ സമ്പാദ്യ തട്ടിപ്പിലെ പ്രതികൾ പിടിയിൽ. ഹൈക്കോടതി കവലയിൽ പ്രവർത്തിക്കുന്ന ആതിര ഗോൾഡ് ജ്വല്ലറി ഉടമകളാണ് പിടിയിലായത്. പള്ളിപ്പുറം സ്വദേശികളായ ആൻ്റണി, ജോൺസൺ, ജോബി, ജോസഫ് എന്നിവരാണ് പിടിയാലത്. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇവരെ പിടികൂടിയത്. 350 ലധികം പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.
പ്രാഥമികമായി പൊലീസ് ശേഖരിച്ച കണക്കുപ്രകാരം അഞ്ഞൂറിലധികം ആളുകൾക്ക് പണം നഷ്ടപ്പെട്ടു എന്നാണ് കണ്ടെത്തൽ. മറൈൻ ഡ്രൈവിലുള്ള ആതിര ഗ്രൂപ്പിന്റെ ജ്വല്ലറി ജപ്തി ചെയ്തതിന് പിന്നാലെയാണ് നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തിത്തുടങ്ങിയത്. പള്ളിപ്പുറത്തുള്ള സ്ഥാപന ഉടമയുടെ വീട്ടിലേക്ക് ലക്ഷദ്വീപിൽ നിന്നു പോലും ആളുകൾ എത്തിയിരുന്നു. ദിവസ ജോലിക്കാരും സ്ത്രീകളുമാണ് തട്ടിപ്പിനിരയായവരിൽ കൂടുതലും.
പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്ക് 115 കോടി രൂപയോളം കടം ഉള്ളതായും 70 കോടി രൂപയുടെ മാത്രം ആസ്തിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാവർക്കും ആറുമാസത്തിനകം പണം തിരികെ നൽകുമെന്നാണ് സ്ഥാപന ഉടമകൾ പറഞ്ഞിരുന്നത്. സ്വർണ്ണ ചിട്ടിയിലും, സ്വർണ്ണ പണയത്തിലും ആണ് കൂടുതലാളുകൾക്കും പണം തിരികെ കിട്ടാൻ ഉള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും കബളിപ്പിച്ചതായും ആരോപണം ഉയർന്നിരുന്നു.