GOODWILL HYPERMART

ഭൂമിയില്‍ മാത്രമല്ല ബുദ്ധിയുള്ള ജീവികളുള്ളതെന്ന് സൂചിപ്പിച്ച് പഠനം; മുന്‍ സിദ്ധാന്തങ്ങളെ അട്ടിമറിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍

മനുഷ്യരുടേതിന് സമാനമായി ബുദ്ധിവളര്‍ച്ചയുള്ള ജീവജാലങ്ങള്‍ പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ വികസിക്കുമ്പോള്‍ തന്നെ സ്വാഭാവികമായുണ്ടാകുന്നതാണെന്ന് കണ്ടെത്തി പഠനം

മനുഷ്യരുടേതിന് സമാനമായി ബുദ്ധിവളര്‍ച്ചയുള്ള ജീവജാലങ്ങള്‍ പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ വികസിക്കുമ്പോള്‍ തന്നെ സ്വാഭാവികമായുണ്ടാകുന്നതാണെന്ന് കണ്ടെത്തി പഠനം. ഭൂമിയില്‍ മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലും ജീവനുണ്ടാകാമെന്ന സാധ്യത കുറച്ചുകൂടി ശക്തമായി മുന്നോട്ടുവയ്ക്കുകയാണ് പഠനം. പെന്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


ഭൂമിയില്‍ ജീവനുണ്ടായതുമായി ബന്ധപ്പെട്ട പരമ്പരാഗത സിദ്ധാന്തമായ ഹാര്‍ഡ് സ്റ്റെപ്പ്‌സ് സിദ്ധാന്തത്തെ തള്ളുന്ന വിധത്തിലാണ് പുതിയ കണ്ടെത്തലുകള്‍. 1983ല്‍ ഭൗതികശാസ്ത്രജ്ഞന്‍ ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ മുന്നോട്ടുവച്ച ഹാര്‍ഡ് സ്‌റ്റെപ്പ്‌സ് സിദ്ധാന്തം ബുദ്ധി വൈഭവമുള്ള ജീവികള്‍ മറ്റ് ഗ്രഹങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയെ തള്ളുന്നതായിരുന്നു. പ്രപഞ്ചത്തില്‍ വളരെ അപൂര്‍വമായി നടക്കുന്ന സംഭവവികാസങ്ങളുടെ ഫലമായാണ് ബുദ്ധിയുള്ള ജീവികളുടെ പരിണാമം നടക്കുന്നതെന്നും ഇത്ര അപൂര്‍വതകള്‍ ഒരുമിച്ച് ചേരുക എന്നത് വളരെ പ്രയാസമേറിയ കാര്യമായതിനാല്‍ തന്നെ ഭൂമിയ്ക്ക് പുറത്ത് മനുഷ്യര്‍ക്ക് സമാനമായ ജീവികളുണ്ടാകാന്‍ സാധ്യതയില്ലെന്നതായിരുന്നു കാര്‍ട്ടറുടെ പഠനം. എന്നാല്‍ ഇങ്ങനെ എന്തെങ്കിലും അപൂര്‍വ സംഭവികാസങ്ങള്‍ നടന്നെന്ന ഭാഗ്യത്തിന്റെ ആനുകൂല്യത്തിലല്ല ഭൂമിയില്‍ മനുഷ്യരുണ്ടായതെന്ന് പുതിയ പഠനം വാദിക്കുന്നു. ഭൂമിയ്ക്ക് മുന്‍പോ ഭൂമിയുടെ പിറവിയ്ക്ക് ശേഷമോ ഉണ്ടായതല്ല ബുദ്ധിവൈഭവമുള്ള ജീവികള്‍. പകരം ഭൂമിയുണ്ടാകുന്നതിനോടൊപ്പം വളരെ സ്വാഭാവികമായി നടന്നതാണ് ബുദ്ധിയുള്ള ജീവിയുടെ ജനനമെന്ന് ഗവേഷണസംഘത്തിന്റെ തലവന്‍ ഡാന്‍സ് മില്‍ പറഞ്ഞു.


ഭൂമിയില്‍ മനുഷ്യരുണ്ടായതിനെ കുറിച്ച് വിന്‍ഡോസ് ഓഫ് ഹാബിച്വാലിറ്റി എന്ന ഒരു പുതിയ ആശയം പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഭൂമിയില്‍ ജീവനുണ്ടാകാന്‍ നിശ്ചിത അളവില്‍ ഓക്‌സിജന്‍, പ്രത്യേക അളവിലെ അന്തരീക്ഷ താപനില, ധാതുക്കളുടെ ലഭ്യത മുതലായ അനുകൂല ഘടകങ്ങള്‍ വേണമെന്ന മുന്‍ സിദ്ധാന്തങ്ങളെ പുതിയ പഠനം തള്ളുന്നു. സങ്കീര്‍ണ്ണമായ ജീവന്റെ ആവിര്‍ഭാവത്തെ പിന്തുണയ്ക്കുന്ന ഘട്ടങ്ങളിലൂടെ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെല്ലാം കടന്നുപോകുന്നുണ്ടെന്നും അതിന്റെ ഭാഗമായി ഭാഗ്യത്തിന്റെ ആനുകൂല്യമില്ലാതെ തന്നെ മേല്‍പ്പറഞ്ഞ അനുകൂല ഘടകങ്ങളെല്ലാം വന്നുചേര്‍ന്നുകൊള്ളുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.