HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇത് വരിക്കാരുടെ വിജയം! ജിയോ 189 രൂപയുടെ പ്ലാൻ തിരിച്ച്‌ കൊണ്ടുവന്നു

ജിയോ 189 രൂപയുടെ പ്ലാൻ തിരിച്ച്‌ കൊണ്ടുവന്നു


ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ പഴയ 189 രൂപയുടെ പ്ലാൻ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. മുൻപ് ജിയോ വാല്യൂ പ്ലാനുകളുടെ വിഭാഗത്തില്‍ 479 രൂപ, 1899 രൂപ എന്നീ പ്ലാനുകള്‍ക്കൊപ്പം189 രൂപയുടെ പ്ലാനും ലഭ്യമായിരുന്നു. എന്നാല്‍ ട്രായിയുടെ നിർദേശ പ്രകാരം പുതിയ വോയ്സ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകള്‍ അ‌വതരിപ്പിച്ചപ്പോള്‍ ജിയോ ഈ വാല്യൂ വിഭാഗത്തിലുണ്ടായിരുന്ന മൂന്ന് പ്ലാനുകളും പിൻവലിച്ചു. പകരം അ‌വിടെ ജിയോയുടെ പുതിയ വോയ്സ് ഒണ്‍ലി പ്ലാനുകളായ 448 രൂപ, 1748 രൂപ പ്ലാനുകള്‍ സ്ഥാപിച്ചു.


എന്നാല്‍ 189 രൂപയുടെ പ്ലാൻ പിൻവലിച്ച ജിയോ അ‌തിന് പകരമായി മറ്റൊരു പ്ലാൻ അ‌വതരിപ്പിച്ചിരുന്നില്ല. അ‌തോടെ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനിനായി ജിയോ വരിക്കാർ കുറഞ്ഞത് 249 രൂപ മുടക്കേണ്ട അ‌വസ്ഥയായി. 189 രൂപയുടെ പ്ലാൻ ജിയോയുടെ എൻട്രിലെവല്‍ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു. ഈ എൻട്രിലെവല്‍ പ്ലാൻ പിൻവലിക്കപ്പെട്ടതോടെ ജിയോയുടെ എൻട്രിലെവല്‍ പ്ലാൻ എന്ന സ്ഥാനം 198 രൂപയുടെ പ്ലാനിലേക്ക് പോയി. എന്നാല്‍ ഇതിലാകട്ടെ ആകെ 14 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നത്. അ‌തിനാല്‍ ഒരു മാസ വാലിഡിറ്റിയില്‍ തെരഞ്ഞെടുക്കാൻ കുറഞ്ഞ നിരക്കില്‍ ഒരു പ്ലാൻ ഇല്ലാതെ ജിയോ വരിക്കാർ കുഴഞ്ഞു.


189 രൂപയുടെ പ്ലാൻ പിൻവലിക്കപ്പെട്ടതുമൂലം ഉണ്ടായ ഈ പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് റിലയൻസ് ജിയോ 189 രൂപയുടെ പ്ലാൻ വീണ്ടും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈ ജിയോ ആപ്പില്‍ വാല്യൂ വിഭാഗത്തില്‍ ഇപ്പോള്‍ വോയ്സ് ഒണ്‍ലി പ്ലാൻ, അ‌ഫോഡബിള്‍ പായ്ക്ക്സ് എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങള്‍ കാണാം. ഇതില്‍ അ‌ഫോഡബിള്‍ പ്ലാനുകളുടെ വിഭാഗത്തില്‍ ആണ് ഇപ്പോള്‍ 189 രൂപയുടെ പ്ലാൻ തിരിച്ച്‌ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിലെ ആനുകൂല്യങ്ങള്‍ക്ക് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല. മുൻപ് 189 രൂപയ്ക്ക് ലഭിച്ചിരുന്ന അ‌തേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഈ പ്ലാനില്‍ ലഭിക്കുക. അ‌തിനാല്‍ ഇത് പുതിയ പ്ലാനാണ് എന്ന് പറയാനാകില്ല. കുറച്ച്‌ ദിവസം ലഭ്യമായില്ല, ഇപ്പോള്‍ തിരിച്ചുവന്നു, അ‌ത്രമാത്രം.


189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇപ്പോള്‍ ജിയോയുടെ എൻട്രിലെവല്‍ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനം വീണ്ടും 189 രൂപയുടെ പ്ലാനിലേക്ക് എത്തി. ഈ പ്ലാനില്‍ 28 ദിവസ വാലിഡിറ്റിയില്‍ അ‌ണ്‍ലിമിറ്റഡ് കോളിങ്, 300 എസ്‌എംഎസ് എന്നിവയ്ക്ക് ഒപ്പം മൊത്തം 2ജിബി ഡാറ്റയും ലഭ്യമാണ്. ഇതോടൊപ്പം ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. 189 രൂപയുടെ പ്ലാൻ തിരിച്ചെത്തിയതോടെ ജിയോ വരിക്കാർക്ക് താങ്ങാനാകുന്ന വിലയില്‍ 28 ദിവസ വാലിഡിറ്റിയും അ‌ണ്‍ലിമിറ്റഡ് കോളിങ്ങും ആസ്വദിക്കാൻ സാധിക്കുന്നു. അ‌പ്പോഴും ജിയോയുടെ വോയ്സ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകള്‍ യഥാർഥത്തില്‍ അ‌ല്‍പ്പമെങ്കിലും വാല്യൂ ഉള്ള പ്ലാനുകളാണോ എന്ന ചോദ്യവും നിലവില്‍ക്കുന്നു. ഡാറ്റ ഇല്ലാതെ എത്തുന്ന ഈ വോയ്സ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഇപ്പോഴും വരിക്കാർക്ക് ദഹിച്ചിട്ടില്ല.


മാത്രമല്ല, വോയ്സ് ഒണ്‍ലി പ്ലാൻ ഉപയോഗിച്ച്‌ റീച്ചാർജ് ചെയ്യുന്നവർക്ക് ഡാറ്റ പ്ലാനുകള്‍ ഉപയോഗിക്കാൻ കഴിയില്ല എന്ന വിചിത്ര നയവും ജിയോ സ്വീകരിച്ചിട്ടുണ്ട്. 189 രൂപയുടെ പ്ലാൻ തിരിച്ചുകൊണ്ടുവന്നതുപോലെ, വോയ്സ് ഒണ്‍ലി പ്ലാനുകള്‍ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാനുകള്‍ ഉപയോഗിക്കാനുള്ള അ‌വസരവും ജിയോ നല്‍കേണ്ടതുണ്ട്. എയർടെലും വിഐയും വോയ്സ് ഒണ്‍ലി പ്ലാനുകള്‍ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ഉപയോഗിക്കാൻ തടസങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അ‌തിനാല്‍ ഈ നയം തിരുത്താൻകൂടി ജിയോ തയാറാകണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.