GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

തീരുമാനം സംസ്ഥാന സർക്കാരിൻ്റേത്; ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകൾക്ക് വാടക നിരക്ക് നിശ്ചയിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് 600 മുതൽ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. 


നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.


നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്.  എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്. 


ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.


കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം വാടകയിൽ ഇളവ് അനുമതിക്കണം. ബിപിഎൽ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോൾ ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.