
മുല്ലപ്പെരിയാർ ഡാം ഭീഷണി ഒഴിവാക്കാൻ നടപടി ആവശ്യപ്പെട്ട് മുൻ എംഎല്‍എ മാത്യു സ്റ്റീഫന്‍റെ നേതൃത്വത്തില്‍ ജനാധിപത്യ അവകാശ സംരക്ഷണ സമിതി ഇന്ന് രാവിലെ 10.30 മുതല്‍ കുമളി തേക്കടിക്കവലയില്‍ സത്യഗ്രഹ സമരം നടത്തും. നേരത്തേ പ്രഖ്യാപിച്ചിരുന്ന സമരത്തിനു പോലീസ് അനുമതി നല്‍കിയിരുന്നെങ്കിലും ഇന്നലെ പോലീസ് അനുമതി പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തില്‍ കുമളി പഞ്ചായത്തില്‍ സമരം നടത്താൻ അനുമതി നല്‍കില്ലെന്നാണ് പോലീസ് നിലപാട്.
കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇന്ത്യൻ പൗരനെ സമരം ചെയ്യാൻ അനുവദിക്കാത്ത നടപടി അംഗീകരിക്കില്ലെന്നു സമിതി സംസ്ഥാന വർക്കിംഗ് പ്രിസിഡന്‍റ് മാത്യു സ്റ്റീഫൻ പറഞ്ഞു. കുമളിയില്‍ കേരളത്തിന്‍റെ അതിർത്തിയില്‍ സമരം ഇരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സമരം തമിഴ്നാടിന് എതിരല്ലെങ്കിലും ആ രീതിയില്‍ തമിഴ്നാട്ടിലെ ചിലർ മുതലെടുപ്പു നടത്താനുള്ള സാധ്യത കണക്കിലെടുത്തു കേരളത്തിന്‍റെ ആവശ്യത്തിനായി നടത്തുന്ന സമരം തേക്കടിക്കവലയിലേക്കു മാറ്റുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു കേരളത്തിലെ ജനങ്ങളോടുള്ള വല്ലുവിളിയാണെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
ഡാമിന്‍റെ സുരക്ഷാ ഭീഷണി ആശങ്കമാത്രമാണെന്ന സുപ്രീം കോടതിയുടെ കഴിഞ്ഞ 29ലെ പരാമർശമാണ് ഇപ്പോള്‍ സമരം പ്രഖ്യാപിക്കാനുണ്ടായ ഒരു സാഹചര്യം. പോലീസ് അനുമതി ലഭിച്ചില്ലെങ്കിലും പ്രഖ്യാപിച്ച സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നും കേരളത്തിന്‍റെ ആശങ്ക പരിഹരിക്കുന്നതിനായി നടത്തുന്ന സമരത്തിന് എന്തു പ്രത്യാഘാതം ഉണ്ടായാലും നേരിടുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു.