
വർക്കല അയിരൂരിൽ പതിനാല് വയസുകാരനോട് പൊലീസിൻ്റെ പരാക്രമം. എട്ടാംക്ലാസ് വിദ്യാർത്ഥിയെ പൊലീസ് ഉദ്യോഗസ്ഥൻ തള്ളിയിട്ടു. അയിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കുട്ടിയെ തള്ളിയിട്ടത്. കുട്ടിയുടെ കുടുംബവും ഡിവൈഎസ്പിയുടെ ഭാര്യയുടെ കുടുംബവും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. വഴി തർക്കത്തിൽ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്തായിരുന്നു പൊലീസിന്റെ പരാക്രമം.
പൊലീസ് വാഹനം പതിനാലുകാരന് മേൽ കയറ്റിയിറക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. വാഹനം കയറിയിറങ്ങിയാൽ ജീവിതകാലം മുഴുവൻ എഴുന്നേറ്റ് നടക്കേണ്ടി വരില്ലെന്നും അയിരൂർ പൊലീസ് ഭീഷണി മുഴക്കി. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവം വിവാദമായതോടെ പൊലീസുകാർ കുട്ടിയുടെ വീട്ടുകാരുമായി സമവായത്തിന് ശ്രമിച്ചു.എന്നാൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു.