
വണ്ടൂരിൽ ചുമട്ടുതൊഴിലാളികളുടെ ഭീഷണി മൂലം വ്യാപാര സ്ഥാപനം പൂട്ടി ബോർഡ് വെച്ച് ഉടമ. രണ്ടര വർഷം മുൻപ് ആരംഭിച്ച ടൈൽസ് ഷോപ് ഹജർ സ്റ്റോണാണ് പൂട്ടിയത്. ചുമട്ട് തൊഴിലാളികളുമായുള്ള തർക്കം മൂലം ലോഡിറക്കാനാകാതെ നാല് ലോറികൾ തിരിച്ചയക്കേണ്ടി വന്നെന്ന് സ്ഥാപനത്തിന്റെ ഉടമ അസീസ് പറഞ്ഞു. വണ്ടൂരിലെ സിഐടിയു യൂണിയൻ ചുമട്ടുതൊഴിലാളികളാണ് വ്യാപാരത്തിന് തടസം നിൽക്കുന്നതെന്നും അസീസ് പറഞ്ഞു.
വ്യാപാരം തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിട്ടതെന്നും അസീസ് പറഞ്ഞു. നിലവിൽ നൽകുന്നത് തന്നെ അധിക തുകയാണ്. മറ്റിടങ്ങളിൽ ഒരു കല്ലിന് 8 രൂപയാണ് നൽകുന്നതെങ്കിൽ ഇവിടെ 14 രൂപയാണ്. ഇത് 20 രൂപയിൽ അധികമാക്കണം എന്നാവശ്യപ്പെട്ടാണ് ചുമട്ടുതൊഴിലാളികൾ ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നതെന്നും അസീസ് അരോപിച്ചു.
കേരളത്തിൽ 13 സ്ഥലത്ത് തങ്ങൾക്ക് സ്ഥാപനങ്ങളുണ്ടെന്നും അസീസ് ചൂണ്ടിക്കാട്ടി. അവിടെയെല്ലാം സിഐടിയു അടക്കം എല്ലാ യൂണിയനുകളും സഹരിക്കുന്നുണ്ട്. വണ്ടൂരിൽ മാത്രമാണ് പ്രശ്നം. വ്യാപാരം തുടരാൻ കഴിയാതെ ജീവനക്കാരെയും ചുമട്ടുതൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നും അസീസ് വ്യക്തമാക്കി.