
കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് മൂന്നര ലക്ഷം തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി പിടിയിൽ. കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) എന്ന യുവതിയാണ് അറസ്റ്റിലായത്.
2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപ്പളളിയിലെ ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാമിൽ പരസ്യം നൽകിയത്. പരസ്യം കണ്ട് ഇവരെ സമീപിച്ച മൊതക്കര സ്വദേശിനിയുടെ കയ്യിൽ നിന്ന് മൂന്നര ലക്ഷം രൂപ അർച്ചന തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അർച്ചനയെ പിടികൂടിയത്. അർച്ചനയുടെ പേരിൽ എറണാകുളം എളമക്കര സ്റ്റേഷനിലും സമാനമായ രീതിയിൽ കേസുണ്ട്. വയനാട് വെളളമുണ്ട പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.