GOODWILL HYPERMART

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ SSLC പരീക്ഷ എഴുതും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ നല്‍കും

കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്.


അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍ ആണ് കണ്ടെടുത്തത്. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും.


കേസിലെ പ്രതികള്‍ കഴിഞ്ഞവര്‍ഷവും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന വിവരവും പുറത്ത് വന്നു. 2024 ജനുവരി 5 , ജനുവരി 6 തീയതികളിലാണ് താമരശേരിയില്‍ സംഘര്‍ഷം ഉണ്ടായത്. ആദ്യ ദിനം താമരശേരി സ്‌കൂള്‍ പരിസരത്ത് കൂട്ട അടി ഉണ്ടായി. ഇതിന് പ്രതികള്‍ തിരിച്ചടി നല്‍കിയത് മാതാപിതാക്കളുടെ സഹായത്തോടെയാണ്. രണ്ട് സംഭവങ്ങളിലായി 5 പേര്‍ക്ക് പരുക്കേറ്റു. അന്ന് ശിക്ഷ ലഭിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ നഷ്ടപെടില്ലായിരുന്നുവെന്ന് ഷഹബാസിന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.


അതിനിടെ ഷഹബാസിന്റെ കൊലപാതകത്തില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയ കേസ് എടുത്തു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തുടര്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ ആനുകൂല്യം കുട്ടികള്‍ മനസിലാക്കുന്നു. വയലന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നത് അക്രമ സംഭവങ്ങള്‍ക്ക് ചെറിയ കാരണമാണ്. മൊബൈല്‍ ഫോണ്‍ , റീല്‍സ് , ഹീറോ ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നു – അദ്ദേഹം വ്യക്തമാക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.