
റോഡരികില്‍ നിന്ന മരം ഒടിഞ്ഞുവീണു മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേവികുളം സബ് കോടതി വിധി. 2015 ജൂണ്‍ 15നാണ് പിഡബ്ല്യുഡി റോഡിന്റെ വശത്തു നിന്ന മരം വീണ് ഓട്ടോ ഡ്രൈവര്‍ കല്ലാര്‍ക്കരയില്‍ അരക്കത്തിപ്പറമ്ബില്‍ ബിജു (37) മരിച്ചത്. തുടര്‍ന്ന് ഭാര്യ ധന്യ നല്‍കിയ പരാതിയിലാണ് 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
ഇടുക്കി ജില്ലാ കലക്ടര്‍, മൂന്നാര്‍ ഡിഎഫ്‌ഒ, പിഡബ്ല്യുഡി എന്‍ജിനീയര്‍ എന്നിവരെ പ്രതിചേര്‍ത്ത് നഷ്ടപരിഹാരം നല്‍കണം എന്നാണ് വാദിച്ചത്. കേസില്‍ 18.30 ലക്ഷം രൂപയും അപകടകാലം മുതലുള്ള പലിശയും നല്‍കാനായിരുന്നു വിധി. ഇത്തരത്തില്‍ ആകെ 29 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ദേവികുളം സബ് ജഡ്ജി കെ.എ.ആന്റണി ഷെല്‍മാന്‍ വിധി പറഞ്ഞു. ധന്യയ്ക്കും മകള്‍ വൈഗ, മാതാവ് ചന്ദ്ര എന്നിവര്‍ക്കായി അഭിഭാഷകരായ സി.കെ.വിദ്യാസാഗര്‍, പി.കെ.പ്രസന്നകുമാരി, ജോസഫ് മിഥുന്‍ സാഗര്‍ എന്നിവര്‍ ഹാജരായി.
കേസിലെ രണ്ടാം പ്രതിയായ കലക്ടര്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലക്കാരനായതിനാലും മൂന്നും നാലും പ്രതികളായ ഡിഎഫ്‌ഒയും പിഡബ്ല്യുഡി എന്‍ജിനീയറും അപകടസാധ്യതയുള്ള മരം വെട്ടി നീക്കം ചെയ്യാത്തത് അപകടകാരണമായതിനാലും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.