
ഇടുക്കിയിലെ പീരുമേട് ഗ്രാമത്തിലെ പരുന്തുംപാറയില്‍ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശത്തെ അനധികൃത ഭൂമി കൈയേറ്റം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
റവന്യൂ വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കെട്ടിട അനുമതി എന്നിവയോടെ മാത്രമേ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് കോടതി വ്യക്തമാക്കി. ഈ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം റവന്യൂ, പോലീസ്, വനം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.