GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

വന്യജീവി ആക്രമണം, കാർഷിക - ഭൂപ്രശ്നം; സർക്കാരിനെതിരെ പ്രധിഷേധം കടുപ്പിച്ച് ഇടുക്കി രൂപത; കത്തോലിക്കാ കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച് പ്രതിഷേധക്കടലായി

ഇടുക്കി രൂപത നടത്തിയ കളക്ടറേറ്റ് മാർച്ച് പ്രതിഷേധ കടലായി

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുക, വന്യമൃഗാക്രമണങ്ങൾ തടയുക, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കി രൂപത നടത്തിയ കളക്ടറേറ്റ് മാർച്ച് പ്രതിഷേധ കടലായി. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് കർഷകരും വൈദികരും സമരത്തിന്റെ ഭാഗമായി. രാവിലെ 10 മണിക്ക് പൈനാവ് ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡണ്ട് ശ്രീ ജോർജ് കോയിക്കൽ ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


തുടർന്ന് നടന്ന പ്രതിഷേധ ജാഥയിൽ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി പങ്കുചേർന്നു. ജാഥ കളക്ടറേറ്റ് പഠിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് ശ്രീ ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യന്റെ പക്ഷം ചേർന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങൾ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാർത്ത കേട്ടുകൊണ്ടാണ്. നൂറുകണക്കിന് മനുഷ്യജീവനുകൾ ഇതിനോടകം വന്യമൃഗ ശല്യത്തിൽ കൊലചെയ്യപ്പെട്ടു. ഒട്ടനവധി ആളുകൾക്ക് പരിക്കുകൾ ഏറ്റു. ധാരാളം കുടുംബങ്ങൾ അനാഥമാക്കപ്പെട്ടു.


കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആളുകൾ കൊല്ലപ്പെട്ടത് വനഭൂമിയിൽ കയറിയതിന്റെ ഫലമായല്ല. തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന വരാണ്  വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയായത്. നാട്ടിൽ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ഭയത്തിലാണ് കഴിയുന്നത്. മരണപ്പെടുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകി കൈകഴുകുന്ന രീതിയാണ് ഇപ്പോൾ ഭരണകൂടം കാണിക്കുന്നത്. പരിക്കുപറ്റിയവർക്ക് സഹായം ചെയ്യുന്നതിൽ വലിയ വിമുഖതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേരളത്തിലെ  പൊലിഞ്ഞത് 12 ജീവനുകളാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പറയുന്നത്, ജനമാസമേഖലയിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ട വിവരം വനപാലകരെ അറിയിച്ചിരുന്നതാണ് എന്നാണ്. അങ്ങനെയെങ്കിൽ അപകടം ഉണ്ടാകാതിരിക്കുന്നതിന് വനപാലകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നാണർത്ഥം. വന്യമൃഗങ്ങൾ ആളുകളെ കൊല ചെയ്യാനുള്ള വഴികൾ വനപാലകർ ക്രമീകരിച്ചു എന്ന് വേണം വ്യാഖ്യാനിക്കാൻ.


1972ലെ നിയമത്തിന്റെ കുരുക്ക് പറഞ്ഞ് ഭരണകൂടത്തിലുള്ളവർ തലയൂരാൻ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വില പോകില്ല. ആ നിയമമാണ് പ്രശ്നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്.  കുടിയേറ്റ കാലത്തെ അതിശയിപ്പിക്കുന്ന തരത്തിലുള്ള വന്യമൃഗ ശല്യമാണ് ഇപ്പോൾ ഉള്ളത്. ഇങ്ങനെ മൃഗങ്ങൾ തെരുവിലിറങ്ങാനുള്ള കാരണമെന്തെന്ന് ഗൗരവത്തോടെ അന്വേഷിക്കണം. വനത്തിലുള്ള മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാകുന്നില്ല എന്നതാണ് കാരണമെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറാകണം. 


വനത്തിൽ മൃഗങ്ങളുടെ  വർധിച്ചതാണ് കാരണമെങ്കില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ളസംവിധാനവും ക്രമീകരിക്കണം. അക്രമകാരികളായ മൃഗങ്ങളെ കൊല ചെയ്യുന്നതിനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലിഞ്ഞത് 5 ജീവനുകളാണ്.അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടുപോയത്.ആ കുടുംബങ്ങളുടെ ദുഃഖം സമാനതകളില്ലാത്തതാണ്. ഇനിയും ഒരാളുടെ പോലും ജീവൻ നാട്ടിൽ നഷ്ടപ്പെടാൻ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി ഉണർന്നു പ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേർന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയിൽ രൂപതാ സമരമുഖത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.


 കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡണ്ട്  ശ്രീ ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ,മോൺ. അബ്രാഹം പുറയാറ്റ്, ഫാ. ജിൻസ് കാരക്കാട്ട്, സിജൊ ഇലന്തൂർ, സാം സണ്ണി, സെസിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സമര പരിപാടികൾക്ക്  ജോസഫ് ചാണ്ടി തേവർ പറമ്പിൽ, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം,ജോളി ജോൺ, ആഗ്നസ് ബേബി,  റിൻസി സിബിയൂത്ത് കൗൺസിൽ കോഡിനേറ്റർ, ആദർശ് മാത്യു, അഗസ്റ്റിൻ പരത്തിനാൽ, ടോമി ഇളംതുരുത്തി, സാന്റോച്ചൻ ചുരുളി ജോയി വള്ളിയാന്തടം ബെന്നി മൂക്കിലികാട്ട്, ഷാജി കുന്നുംപുറം ജോസഫ് പാലാട്ടി, അഡ്വ ജോഷി വട്ടമല, മാത്തുക്കുട്ടി കുത്തനാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

ELECTRO TECH NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.