GOODWILL HYPERMART

മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍

ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.

വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.


2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.


തുടക്കത്തില്‍ ഞെട്ടിച്ച് ഓസീസ്

265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഒരിക്കല്‍ കൂടി അടിതെറ്റിയ ശഭ്മാന്‍ ഗില്‍ 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്‍റെ പന്തില്‍ ബൗള്‍ഡായി. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ അ‍ഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് 100 കടത്തി. ശ്രേയസും കോലിയും ചേര്‍ന്ന് നേടിയ 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.


സ്കോര്‍ 134ല്‍ നില്‍ക്കെ ശ്രേയസിനെ ബൗള്‍ഡാക്കി ആദം സാംപ ഓസീസിന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ അക്സര്‍ പട്ടേലുമൊത്ത് 44 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ കോലി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. 30 പന്തില്‍ 27 റണ്‍സെടുത്ത അക്സറിനെ നഥാന്‍ എല്ലിസ് മടക്കിയെങ്കിലും കെ എല്‍ രാഹുലിനെ കൂടെ നിര്‍ത്തി പോരാട്ടം തുടര്‍ന്ന കോലി വിജയത്തിന് 40 റണ്‍സകലെ മടങ്ങി. കോലിയുടെ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ആദം സാംപയുടെ പന്തില്‍ ഡ്വാര്‍ഷൂയിസ് കോലിയെ കൈയിലൊതുക്കി. കോലി നേടിയ 84 റണ്‍സില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രമാണുണ്ടായിരുന്നത്.


അവസാനം സമ്മര്‍ദ്ദം

കോലി മടങ്ങിയശേഷം ഓസീസ് സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചെങ്കിലും പാണ്ഡ്യയും(24*) രാഹുലും(35*) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 20 പന്തില്‍ 24 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആദം സാംപക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ ഹാര്‍ദ്ദിക് ഇന്ത്യയുടെ സമ്മർദ്ദം അടിച്ചകറ്റി. വിജയത്തിനരികെ ഹാര്‍ദ്ദിക്(28) വീണെങ്കിലും മാക്സ്‌വെല്ലിനെ സിക്സിന് പറത്തി രാഹുൽ(34 പന്തില്‍ 42*) ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ആധികാരികമാക്കി. രണ്ട് റണ്‍സുമായി ജഡേജ വിജയത്തില്‍ രാഹുലിന് കൂട്ടായി. ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി.


നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.