
ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ഒരാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്‍റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാർഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കർണാടകത്തിലേക്ക് കൊണ്ടുപോയി.
മൊഴി നൽകാനായി ലിബിന്‍റെ ബന്ധുക്കളും നാളെ ബംഗളൂരുവിലെത്തും. കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റെന്ന് ബന്ധുക്കൾക്ക് വിവരം കിട്ടിയത്. തിങ്കളാഴ്ച ലിബിന്‍റെ മസ്തിഷ്ക മരണം സംഭവിച്ചു. തലയിലേറ്റ മുറിവിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ നിന്നുളള വിവരമനുസരിച്ച് അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ കൂടെ താമസിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടെ താമസിച്ചവർ തമ്മിലുളള കയ്യാങ്കളിക്കൊടുവിൽ ലിബിന് പരിക്കേറ്റെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിന് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിന്‍റെ സഹോദരി ആരോപിച്ചിരുന്നു. മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.