
കൊച്ചിയിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ലക്ഷദ്വീപ് സ്വദേശിയെ അറസ്റ്റ് ചെയ്തു. 24 കാരനായ ഹമീം ത്വയ്യിബാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എളമക്കര സ്റ്റേഷനിൽനിന്ന് നൈറ്റ് പട്രോളിംഗ് നടത്തിയ എസ്ഐ കൃഷ്ണകുമാർ, എസ്‍സിപിഒ ശ്രീജിത്ത് എന്നിവർക്കാണ് പരിക്ക് ഏറ്റത്. പുലർച്ചെ 1.30ന് ഇടപ്പള്ളി പാലസ് റോഡിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ഒരാൾ ബൈക്കിൽ ഇരിക്കുന്നത് കണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം.
എന്തിനാ ഈ സമയത്ത് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയും വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതിനാൽ, ഐഡി പ്രൂഫ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം യാതൊരു പ്രകോപനവുമില്ലാതെ യുവാവ് എസ്ഐയുടെ കരണത്ത് അടിക്കുകയും പിടിച്ചുമാറ്റാനെത്തിയ ശ്രീജിത്തിനെ ഉപദ്രവിക്കുകയും ചെയ്തു. കല്ല് എടുത്തു വീശുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. തുടർന്ന് കൺട്രോളിൽ വിവരം അറിയിച്ചു.
കണ്‍ട്രോൾ വാഹനം വന്ന് യുവാവിനെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചു. എളമക്കര വികാസ് റോഡിലാണ് ഹമീം താമസിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. പോലീസിനെ ആക്രമിച്ചതിനും വാഹനത്തിന് കേട് വരുത്തിയതിനും കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.