GOODWILL HYPERMART

'സംഗീതക്ക് മറ്റൊരു ബന്ധമെന്ന് സംശയം, എയർഗണ്ണുകൊണ്ട് കൊന്നശേഷം കൃഷ്ണകുമാർ സ്വന്തം വീട്ടിലെത്തി ജീവനൊടുക്കി'

ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ പാലക്കാട് വീട്ടിലെത്തി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ പാലക്കാട് വീട്ടിലെത്തി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിൽ കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൃഷ്ണകുമാർ സംഗീതയെ എയർഗണ്ണുകൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ്  സൂചന. 


കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്ന് രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.  ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ വണ്ടാഴിയിൽ ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണകുമാറിനേയും (50)  വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യയെ പുലർച്ചെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തുന്നത്.


സംഗീതയും കൃഷ്ണകുമാറും രണ്ടു പെൺമക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. സംഗീത സുലൂരിലെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയാണ്. രണ്ടു പെൺമക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാർ അടുത്തിടെ താമസം വണ്ടാഴിയിലേക്കു മാറിയിരുന്നു. സംഗീതക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് കൃഷ്ണകുമാറും സംഗീതയും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതിനിടെയിലാണ് അച്ഛന് സുഖമില്ലാതെ കൃഷ്ണകുമാർ നാട്ടിലേക്ക് പോകുന്നത്.


ഭാര്യയെ സംശയിച്ച് കൃഷ്ണകുമാർ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും 100 കിലോമീറ്റർ ദുരെയുള്ള കോയമ്പൂത്തൂരിലെ വീട്ടിലെത്തി. പുലർച്ചെ കൃഷ്ണകുമാർ വീട്ടിലെത്തിയെങ്കിലും കുട്ടികൾ സ്കൂളിൽ പോകുന്നത് വരെ കാത്തിരുന്നു. മക്കൾ പോയതോടെ ഇയാൾ വീട്ടിലെത്തി. പിന്നീട് ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ പ്രകോപിതനായ കൃഷ്ണകുമാർ കൈവശം കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് സംഗീതയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.


കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടിൽ മടങ്ങിയെത്തിയ കൃഷ്ണകുമാർ അസുഖബാധിതനായ പിതാവിന്റെ കൺമുന്നിൽ വച്ച്, കൊലപാതകത്തിന് ഉപയോഗിച്ച അതേ എയർഗൺ ഉപയോഗിച്ച് ജീവനൊടുക്കി.   കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി നേരത്തെ സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസൻസ്. ഈ എയർഗൺ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം ജീവനൊടുക്കാനും കൃഷ്ണകുമാർ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.