HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടൽ വേണ്ടെന്ന് സ്പീക്ക‍ർ; തർക്കത്തിന് പിന്നാലെ സഭ പിരിഞ്ഞു

നിയമസഭയിൽ വീണ്ടും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്

സമയത്തെ ചൊല്ലി നിയമസഭയിൽ വീണ്ടും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ സ്പീക്കർ വേ​ഗത്തിൽ പൂർത്തിയാക്കി. ആഴക്കടൽ ഖനനത്തിന് എതിരായ പ്രമേയത്തിൽ ഭേദ​ഗതികൾ പ്രതിപക്ഷം അവതരിപ്പിച്ചില്ല. ഇന്നത്തേക്ക് പിരിഞ്ഞ സഭ ഈ മാസം പത്തിനാണ് ഇനി ചേരുക.


ആശാവർക്കർമാരുടെ സമരം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസം​ഗത്തിനിടെയാണ് സ്പീക്കർ എ എൻ ഷംസീറുമായി തർക്കമുണ്ടായത്. പ്രസം​ഗം 11 മിനിറ്റ് ആയെന്നും സമയത്തിനുള്ളിൽ സംസാരിക്കണമെന്നും സ്പീക്കർ ഓർമിപ്പിച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ്. അങ്ങനെയൊന്നും വിരട്ടാൻ നോക്കേണ്ടെന്ന് സ്പീക്ക‍ർ.


പ്രതിപക്ഷ അം​ഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. ഇതോടെ സഭാ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. അതിനിടെ, ആഴക്കടൽ ധാതു ഖനനത്തിന് എതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതി നിർദ്ദേശങ്ങളും അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം ഭേദഗതികൾ സഭയിൽ അവതരിപ്പിച്ചില്ല. തുടർന്ന് സഭ പിരിയുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA