
രാജകുമാരിയ്ക്ക് സമീപം ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ സ്വദേശിയായ പുളിക്കല്‍ സുബീഷ് ആന്റണി (37)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരം സുധീഷ് ഉൾപ്പെടെ 4 പേർ ചേർന്ന് മരം മുറിക്കുന്നതിനിടെയാണ് അപകടം. മുറിച്ചുകൊണ്ടിരുന്ന മരത്തിനു സമീപത്ത് നിന്നും കുറച്ചു മാറി നിൽക്കുകയായിരുന്ന സുധീഷിന്റെ ദേഹത്തേക്ക് മരം വന്നു പതിക്കുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് മരത്തിനടിയിൽ നിന്നും സുധീഷിനെ പുറത്തെടുത്ത് രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.