HONESTY NEWS ADS

Electro Tech Nedumkandam

 

52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; 28കാരൻ കുറ്റക്കാരനെന്ന് കോടതി, ക്രൂരത സ്വത്ത് തട്ടാൻ

ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി

തിരുവനന്തപുരം കുന്നത്തുകാൽ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ കണ്ടെത്തി. നെയ്യാറ്റിൻകര അതിയന്നൂർ  അരുൺ നിവാസിൽ അരുൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖാ കുമാരിയാണ് (52) കൊല്ലപ്പെട്ടത്. 


2020 ഡിസംബർ  26 ന്  പുലർച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ ഒന്നരയോടെ അരുൺ ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ  ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി. 


വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം. ഇലക്ട്രീഷ്യൻ ആയിരുന്നു അരുൺ. ധനികയായ ശാഖാകുമാരിക്ക് തന്‍റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം രഹസ്യമാക്കാനായിരുന്നു അരുൺ ശ്രമിച്ചത്. വിവാഹത്തിന് മുമ്പേ തന്നെ അരുണ്‍ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു. 


കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരുണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ  റിമാൻഡ് ചെയ്തു. കേസിൽ ശിക്ഷയിന്മേൽ ഇരുഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിനായി ഇന്നത്തേയ്ക്ക്  വിചാരണ മാറ്റിവച്ചു. വെള്ളറട പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം ശ്രീകുമാറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ അജികുമാർ ഹാജരായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS