HONESTY NEWS ADS

 HONESTY NEWS ADS


കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് ലഹരി കടത്ത്, ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി എഞ്ചിനീയർ പിടിയിൽ, പിടിച്ചെടുത്ത കഞ്ചാവിന്‍റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടി

വൻലഹരി ശേഖരവുമായി മലയാളി എഞ്ചിനീയർ ബെംഗളുരുവിൽ പിടിയിൽ

വൻലഹരി ശേഖരവുമായി മലയാളി എഞ്ചിനീയർ ബെംഗളുരുവിൽ പിടിയിൽ. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് ലഹരി കടത്തിയ ജിജോ പ്രസാദ് (25) ആണ് പിടിയിലായതെന്ന് ബംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിയിലാകുമ്പോൾ ഇയാളുടെ പക്കൽ 1.50 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നു. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കഴിഞ്ഞ എട്ടിനാണ് ഇയാളെ സിസിബി കസ്റ്റഡിയിലെടുത്തത്.


ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വീട്ടിൽ 25 ലക്ഷത്തിലേറെ രൂപ പണമായും സൂക്ഷിച്ചിരുന്നു. ഇയാൾ ലഹരി വിൽപന ഇടപാടുകൾ നടത്തിയിരുന്ന മൊബൈൽ ഫോണും സിസിബി പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്ത കഞ്ചാവിന്‍റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടിയാണെന്നാണ് സിസിബി വ്യക്തമാക്കുന്നത്. ഗ്രാമിന് 12,000 രൂപയ്ക്കാണ് ഇയാൾ ഹൈഡ്രോപോണിക് കഞ്ചാവ് ഇലക്ട്രോണിക് സിറ്റി മേഖലയിൽ വിറ്റിരുന്നത്. ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന ജിജോ പ്രസാദ് സിവിൽ എഞ്ചിനീയറാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിയെന്ന് ഇയാൾ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 


മറ്റൊരു ലഹരി കേസിൽ എട്ട് മലയാളി യുവാക്കളെ പിടികൂടിയതായും സിസിബി അറിയിച്ചു. ഇവരിൽ നിന്ന് പിടിച്ചെടുത്തത് 110 ഗ്രാം എംഡിഎംഎയാണ്. കൂടാതെ 10 മൊബൈൽ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും പിടിച്ചെടുത്തു. ആകെ ഇവരില്‍ പിടികൂടിയത് 27 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളാണ്. യെലഹങ്ക ന്യൂ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്


ബംഗളുരുവിൽ ലഹരിവിൽപ്പനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച നൈജീരിയൻ പൗരനും അറസ്റ്റിലായി. ബേഗൂരിൽ നിന്നാണ് നൈജീരിയൻ പൗരനായ ക്രിസ്റ്റിൻ സോചുരുചുക്‍പ്‍വു പിടിയിലായത്. ഇയാളിൽ നിന്ന് പിടിച്ചത് ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയും ഫോണും മറ്റ് വസ്തുക്കളുമാണ്. ആകെ 2 കോടി രൂപയുടെ വസ്തുക്കൾ ഇയാളിൽ നിന്ന് പിടിച്ചതായി സിസിബി വ്യക്തമാക്കി. ഇതോടെ നഗരത്തിൽ മൂന്നിടത്തായി നടത്തിയ ലഹരി വേട്ടയിൽ ഏഴ് കോടിയോളം വില വരുന്ന ലഹരി വസ്തുക്കളടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS