
ഷൈൻ ടോം ചാക്കോയോട് ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് ഷൈൻ ഹാജരാകേണ്ടത്. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേർന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈൻ ടോം ചാക്കോയുടെ ടെലഫോൺ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. ഷൈൻ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നപ്പോൾ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണ നടത്തും. ഷൈനെ കാണാനെത്തിയവരിൽ പെൺസുഹൃത്തും ഉണ്ട്. ഷൈന് ഹോട്ടലിൽ നിന്നും രക്ഷപെടാൻ വാഹനം ഏർപ്പാട് ചെയ്തത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർനീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഷൈൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. ലഹരി സംഘങ്ങളുമായുള്ള ഇടപാടുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സജീറുമായുള്ള സാമ്പത്തിക ഇടപാട് ഷൈന് കുരുക്കായിട്ടുണ്ട്.
ലഹരിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് ഷൈനെ വിട്ടയച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഷൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷൈൻ ടോം ചാക്കോ. ഷൈൻ്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാംപ്രതി. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈൻ ഷൈനിന്റെ വാട്ട്‌സാപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾപേ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്.