
നെടുമ്പാശ്ശേരിയില്‍ അങ്കമാലി സ്വദേശിയായ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാത്രിയിലാണ് കൊടും ക്രൂരത നടക്കുന്നത്. ഇരുപത്തിന്നാലുകാരനായ ഐവിന്‍ ജിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഐവിന്‍ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പുറത്ത് വന്നതോടെയാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.
വാഹനത്തിന്സൈഡ് കൊടുക്കാത്തതിന് പ്രതികാരമായാണ് യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ കയറ്റി കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, ബിഹാർ സ്വദേശിയായ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മർദനമേറ്റ എസ്ഐ വിനയ കുമാർ അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം വാഹനാപകടമാണെന്നാണ് കരുതിയതെന്ന് അങ്കമാലി നഗര സഭ കൗൺസിലർ ടി.വൈ. ഏലിയാസ് പറഞ്ഞു. മരണപ്പെട്ട ഐവിനെ റോഡിൽ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിന്റെ ഒരു ഭാഗം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മൂക്കിൽ നിന്നടക്കം രക്തം ഒഴുകുന്നുണ്ടായിരുന്നു. രക്തം അമിതമായി വരുന്നത് കണ്ട് എടുക്കാൻ ആദ്യം പേടിയായിരുന്നു. ഒടുവിൽ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ ഐവിൻ മരിച്ചു. നിസാര തർക്കത്തിന് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കാട്ടിയ തിണ്ണമിടുക്കാണ് അവിടെ കണ്ടതെന്നും ഒരു ജീവനെടുത്തതെന്നും ഏലിയാസ് പറഞ്ഞു.
സംഭവത്തിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഐവിനും ഉദ്യോഗസ്ഥരും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. വഴക്കിനൊടുവിൽ യുവാവ് ഉദ്യോഗസ്ഥരുടെ കാറിന് മുന്നിൽ കയറി നിന്നു. പ്രകോപിതരായ ഉദ്യോഗസ്ഥർ ഐവിനെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയി. കാറിന്‍റെ ബോണറ്റിൽ തെറിച്ച് വീണ യുവാവുമായി ഒരു കിലോമീറ്ററോളം കാർ പോയി. ഏറ ദൂരം സഞ്ചരിച്ച ശേഷം ഒടുവിൽ വാഹനം നിർത്തുകയായിരുന്നു. ഇതോടെ കോൺസ്റ്റബിൾ മോഹൻ കുമാർ കാറിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും എസ്ഐ വിനയ കുമാറിനെ നാട്ടുകാർ തടഞ്ഞ് വെച്ചു. ഇയാളെ നാട്ടുകാർ മർദ്ദിച്ചതായും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങളുടേയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.