
നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോടുകളിലേക്കും ഓടയിലേക്കും മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും എതിരെ നടപടി ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നായി ഹോസുകള്‍ വഴിയും ചാലുകള്‍ തീർത്തുമാണ് മലിനജലം ഒഴുക്കുന്നത്. മലിന ജലം ഒഴുക്കുന്നത് മൂലം കൈത്തോടുകളും ഓടുകളും മലിനമാകുന്നതിനൊപ്പം ഇവ ഒഴുകിയെത്തുന്ന കട്ടപ്പനയാറും മലിനമാകുകയാണ്. നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോട് മലിനീമസമായി ദുർഗന്ധം വമിക്കുന്നതിലേക്ക് എത്തി. ഇത് ഒഴുകി നിരവധി കുടിവെള്ള സ്രോതസ്സുകള്‍ ഉള്ള കട്ടപ്പനയാറിലേക്ക് എത്തിയതോടെ ആറും പൂർണ മലിനമായി തീർന്നു.
മാധ്യമവാർത്തയെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ആദ്യ പരിശോധനയില്‍ 12 സ്ഥാപനങ്ങളും 6 വീടുകളും ക്രമക്കേട് നടത്തുന്നതായി വ്യക്തമായി. തുടർന്ന് നോട്ടീസ് നല്‍കി. 15 ദിവസത്തിനകം മാലിന്യം ഒഴുക്കുന്ന ഹോസുകള്‍ അടക്കുകയും ശുചീകരണ സംവിധാനം ഒരുക്കണമെന്നും അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിക്കാത്ത കെട്ടിടങ്ങളുടെ മാലിന്യം ഒഴുക്കുന്ന ഹോസുകള്‍ നഗരസഭ അടയ്ക്കുകയും ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. 5000 മുതല്‍ 50000 രൂപാവരെയാണ് ഇത്തരത്തില്‍ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ പിഴചുമത്തുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളും മാലിന്യം ഒഴുക്കുന്ന ഹോസുകള്‍ സ്ലാബുകള്‍ മറ്റുപയോഗിച്ച് മറവു ചെയ്തിട്ടുണ്ട്. തുടർ പരിശോധനകള്‍ നടത്തി ഇവ കണ്ടെത്തും. നിലവില്‍ നഗരത്തിനുള്ളിലൂടെ മാലിന്യവാഹിനിയായി ഒഴുകുന്ന കൈത്തോടുകള്‍ നഗരസഭ ആരോഗ്യവിഭാഗം ശുചീകരിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.