HONESTY NEWS ADS

 HONESTY NEWS ADS


മോക്ക് ഡ്രില്ലും ഓപ്പറേഷൻ സിന്ദൂറും; പാകിസ്ഥാന് കാലിടറിയതെവിടെ? ഇന്ത്യ അവസരം സമർത്ഥമായി ഉപയോഗിച്ചതെങ്ങനെ ?

operation sindoor

ദിവസങ്ങൾക്ക് മുൻപ് രാജ്യ വ്യാപകമായി 244 ജില്ലകളിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മെയ് 7 നാണ് മോക്ക് ഡ്രിൽ നടക്കുകയെന്നും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾക്ക് നാമെത്രത്തോളം സജ്ജരായെന്ന് ഉറപ്പിക്കാനുള്ള ഒരു പതിവ് നടപടിയാണ് മോക്ക് ഡ്രില്ലുകൾ. എന്നാൽ മോക്ക്ഡ്രിൽ നടത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാകിസ്ഥാനെ വിറപ്പിക്കുന്ന ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തക‍ർന്നത് പാകിസ്ഥാന്റെ 9 ഭീകര കേന്ദ്രങ്ങളാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരതയിൽ നിന്ന് ഇതുവരെ ഇന്ത്യ ഇതു വരെ മുക്തരായിട്ടില്ലെന്നും, ഒന്നും മറക്കില്ലെന്നും ഊന്നിപ്പറയുകയാണ് രാജ്യം. 


ഇന്ന് നടക്കാനിരിക്കുന്ന സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ തന്ത്രപരമായ ഒരു പുകമറയായിരുന്നോ എന്നാണ് രാജ്യം ചർച്ച ചെയ്യുന്നത്. ഇപ്പോഴും നേരത്തെ പ്രഖ്യാപിച്ച് ഡ്രിൽ ഇനി നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാറായിട്ടില്ലെങ്കിലും ഇന്ത്യയുടെ തന്ത്രമായിരുന്നു ഇതെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. 


നഗര- ഗ്രാമപ്രദേശങ്ങളിലെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങൾ, ഇരുട്ടിനെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ, അടിയന്തര പ്രതികരണ പ്രോട്ടോക്കോളുകൾ എന്നിവ പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫൻസ് ഡ്രിൽ നടത്താറുള്ളത്. കേരളം, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ പ്രധാന അതിർത്തി പ്രദേശങ്ങളിലുമാണ് കേന്ദ്രം ഡ്രില്ലിനായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ 1:44 ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേന ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി. 


പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ മനഃപൂർവ്വം ഒഴിവാക്കിക്കൊണ്ട് നടത്തിയ തിരിച്ചടി സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പറഞ്ഞിരുന്ന മോക്ക്ഡ്രിൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നടത്തിയ ആക്രമണങ്ങളിലൂടെ രണ്ട് കാര്യങ്ങളാകാം ഇന്ത്യ ലക്ഷ്യം വച്ചത്. ഒന്ന് ഇതിന്റെ രഹസ്യ സ്വഭാവം നിലനിർത്തി അപ്രതീക്ഷിതമായി തിരിച്ചടിക്കുക എന്നത്. രണ്ട്, നേരത്തെ പ്രഖ്യാപിച്ച ദേശീയ സുരക്ഷയുടെ ചട്ടക്കൂടിനുള്ളിലേക്ക് ആക്രമണങ്ങൾ നിർത്തുക എന്നതും. 


ഓപ്പറേഷൻ സിന്ദൂ‍റിൽ ഇന്ത്യ ലക്ഷ്യം വച്ച കേന്ദ്രങ്ങൾ: 

1. മർകസ് സുബ്ഹാനല്ല

2. മർകസ് ത്വയ്ബ

3. സർജാൽ/തെഹ്റ കലാൻ

4. മഹ്‍മൂന ജൂയ

5. മർകസ് അഹ്‍ലെ ഹദീസ്

6. മർകസ് അബ്ബാസ്

7. മസ്കർ റഹീൽ ഷാഹിദ്

8. ഷവായ് നല്ലാഹ് 

9.മർകസ് സൈദിനാ ബിലാൽ


ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ചുള്ള വാർത്ത ശരിവച്ചെങ്കിലും  ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ നിന്നാണ് രാജ്യം ആക്രമിച്ചത് എന്നാണ് പാകിസ്ഥാൻ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പ്രതികരിച്ചത്. ഇന്ത്യക്ക് പാകിസ്ഥാനകത്ത് കയറാൻ പോലും കഴിഞ്ഞിട്ടില്ലെന്നും, ഭീരുത്വമുള്ള ലജ്ജാകരമായ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നും അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇതിന് പ്രതികരിക്കാൻ തെരഞ്ഞെടുക്കുക പാകിസ്ഥാനിഷ്ടമുള്ള സമയത്തും സ്ഥലത്തും ആയിരിക്കുമെന്നും ഭീഷണി മുഴക്കി. 


അതേ സമയം പാകിസ്ഥാന്റെ സ്ഥിരീകരണവും പ്രതികരണവും വരും മുൻപ്  യുഎസ്, യുകെ, റഷ്യ, യുഎഇ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി പ്രധാന ആഗോള ശക്തികളോട് ഇന്ത്യ സാഹചര്യം വിശദീകരിച്ചിരുന്നു. 


ഓപ്പറേഷനു മുമ്പുള്ള സൈനിക തയ്യാറെടുപ്പുകളിൽ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നോ ഡ്രില്ലിന്റെ ലക്ഷ്യം? രാജ്യം ഏത് സാഹചര്യത്തിനും സജ്ജരാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണോ ഉദ്ദേശം ? അതോ ഏത് സാഹചര്യത്തിലും നമ്മൾ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയോ?  മോക്ക്ഡ്രില്ലും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ വന്ന ഈ ഓവർലാപ്പ് പാകിസ്ഥാന്റെ ശ്രദ്ധ തിരിച്ചുവെന്നത് തന്നെയാണ് യാഥാർത്ഥ്യം. വഞ്ചന തന്ത്രത്തിന്റെ ഭാഗമാണെങ്കിൽ, ഇന്ത്യ ആ കാർഡ് വിജയകരമായി ഇറക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS