HONESTY NEWS ADS

 HONESTY NEWS ADS


അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.


രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വസ്ത്രം മാറ്റാൻ പോലും അനുവദിച്ചില്ലെന്നുമാരോപിച്ച് മറുനാടൻ മലയാളി ചാനൽ പ്രവർത്തകരും രംഗത്ത് വന്നു. 


ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറ‌ഞ്ഞു. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


'പ്രായമായ അപ്പൻ്റെയും അമ്മയുടെയും മുന്നിൽ നിന്ന് എന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് എന്നോട് പറഞ്ഞിട്ടില്ല. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ' എന്നും ഷാജൻ പ്രതികരിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS