MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

കേരളത്തിൽ വൈകുന്നേരം 4 മണിക്ക് മോക് ഡ്രിൽ; എന്തൊക്കെ നടക്കും? എന്തൊക്കെ ശ്രദ്ധിക്കണം!

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.


സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ട‌ർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയും കമ്മീഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ, ജില്ലാ കളക്‌ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.


സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.  


കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക.

3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.

4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.

5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ  നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.


ഗാർഹികതല ഇടപെടലുകൾ

7. മോക്ക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.

14. സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.  

16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS