HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അടിമാലിയിൽ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം മോഷ്ടിച്ച സംഭവം; പ്രതി നേരത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് പരാതിക്കാരി ഉഷ

ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം കവര്‍ന്നയാള്‍ നേരത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ഉഷ സന്തോഷ് പറഞ്ഞു. ചേച്ചിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് അന്ന് പറഞ്ഞെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നത്, വീട്ടില്‍ ആരെല്ലാമുണ്ട്, കഴുത്തിലെ മാല സ്വര്‍ണമാണോ എന്നെല്ലാം യുവാവ് ചോദിച്ചെന്നും ഉഷ സന്തോഷ് പറഞ്ഞു. മോഷണം നടന്ന ദിവസം തന്റെ വായില്‍ തുണി തിരുകി മുഖം തുണിയിട്ട് മൂടിയെന്നും കീമോയുടെ മയക്കത്തിലായതിനാല്‍ കാഴ്ച്ച മങ്ങിയ അവസ്ഥയിലായിരുന്നെന്നും ഉഷ വ്യക്തമാക്കി. ആറ് ലക്ഷം രൂപ നിനക്ക് ഞങ്ങള്‍ തന്നതാടി തളേള എന്ന് മാത്രം പ്രതി ഉറക്കെ പറഞ്ഞെന്നും അല്ലാത്തപ്പോൾ പതിയെ ആണ് സംസാരിച്ചതെന്നും ഉഷ പറഞ്ഞു. എന്നെ ഉപദ്രവിച്ചില്ല. വീട്ടില്‍ പതിനേഴായിരം രൂപയാണ് മോഷണം നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നും ഉഷ സന്തോഷ് പറഞ്ഞു.


ആദ്യം വീട്ടിലെത്തിയപ്പോൾ യുവാവ് തൊപ്പിയും മാസ്‌കും ധരിച്ചിരുന്നുവെന്നും ഉഷ ഓർമ്മിച്ചു. 'ഞാന്‍ കീമോ കഴിഞ്ഞ് മയക്കത്തിലായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. ഒരു മിന്നായം പോലെയെ കണ്ടുളളു. വായില്‍ തുണി തിരുകി മുഖം തുണിയിട്ട് മൂടുകയായിരുന്നു. എന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 6 ലക്ഷം രൂപ ഇവിടെയുണ്ട്. എടുത്തുതന്നില്ലെങ്കില്‍ കൊല്ലും എന്നാണ് വന്നയാള്‍ ഭീഷണി മുഴക്കിയത്. നേരത്തെയും ഇയാള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ചേച്ചിക്കുവേണ്ടി ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് പറഞ്ഞു. ചേച്ചി വിഷമിക്കണ്ട അസുഖം ഭേദമായിക്കോളും എന്ന് ആശ്വസിപ്പിച്ചു. ഇങ്ങനെ പൈസ പിരിച്ചിട്ട് എത്ര ലക്ഷം കിട്ടി എന്ന് ചോദിച്ചിരുന്നു. എനിക്കറിയില്ലെന്നും അക്കൗണ്ടിലാണ് പണമിരിക്കുന്നതെന്നും ഞാന്‍ പറഞ്ഞു' പരാതിക്കാരി വ്യക്തമാക്കി.


കഴുത്തിലെ മാല സ്വര്‍ണമാണോ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ വിചാരിക്കും അവര്‍ തരുന്ന പണം കൊണ്ട് സ്വര്‍ണമാല വാങ്ങിയെന്ന്. അങ്ങനൊന്നും ചെയ്യരുത് എന്ന് എന്നോട് പറഞ്ഞു. വീട്ടില്‍ ആരൊക്കെയുണ്ടെന്നും അവരൊക്കെ എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു. എല്ലാം അറിയാമെന്നും മറന്നുപോയതാണെന്നും പറഞ്ഞു. മാസ്‌ക് മാറ്റുമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട ചേച്ചി, കീമോ കഴിഞ്ഞ് വന്നതല്ലേ എനിക്ക് പനിയാണ് എന്നുമാണ് ആദ്യം വന്നപ്പോൾ പ്രതി പറഞ്ഞതെന്നും ഉഷ പറഞ്ഞു.


അതേസമയം സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്നുമുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA