HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇറാന്‌റെ മിന്നല്‍ നീക്കം; ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്; ബാലിസ്റ്റിക് മിസൈൽ ആക്രമണം

ഇസ്രയേൽ സെെനിക ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ

ഇസ്രയേൽ സെെനിക ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ജറുസലേമിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.


രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്നു. മധ്യ ഇസ്രായേലിലും ജറുസലേമില്‍ നിന്നും നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മിസൈലുകള്‍ ഇസ്രയേല്‍ ആകാശത്തിലൂടെ പാഞ്ഞുപോകുന്നത് കണ്ടെന്ന് ബിബിസി പ്രതിനിധികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജെറുസലേമിൽ അപായ സെെറണുകൾ മുഴങ്ങി.


ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ടെല്‍ അവീവിലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്‌റെ സൈനികകേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി.അതേസമയം ഇറാന്‌റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നും നാലു പേര്‍ക്ക് നിസാര പരിക്കെന്നുമാണ് വിവരം. ടെൽ അവീവിൽ ഇപ്പോഴും മിസൈൽ ആക്രമണം നടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു


ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേരും. സാഹചര്യം ചര്‍ച്ച ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ തിരിച്ചടി തുടങ്ങിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതേസമയം ആക്രമണം തുടരുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ സൈന്യം ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ഖമേനി ഇസ്രയേലിന് ഈ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പറഞ്ഞിരുന്നു. നീചരായ സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്‍ സൈന്യം ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകളടക്കം ഉപയോഗിച്ച് ശക്തമായ തിരിച്ചടി നല്‍കി കൊണ്ടിരിക്കുന്നത്.


യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ടെഹ്രാനിലെ ഫോര്‍ദോ ആണവനിലയത്തിന് സമീപം രണ്ട് സ്ഫോടന ശബ്ദങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ഫഹാന്‍ റിയാക്ടറില്‍ സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ആക്രമണം തടയാന്‍ ഇറാന്‍ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് തങ്ങള്‍ തുടരുകയാണെന്ന് ഇസ്രായേല്‍ സൈന്യവും അറിയിച്ചിട്ടുണ്ട്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA