HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.


തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


പിണറായി സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അൻവർ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നത്. അൻവർ മത്സരിക്കുമെന്ന് ഇന്നലെ വൈകുന്നേരം സൂചന നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാത്രി വീട്ടിലെത്തി അൻവറുമായി ചർച്ച നടത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നീക്കം ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് അൻവറിനെ മത്സരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ച വിവരം പുറത്ത് വരുന്നത്.


അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അൻവറിനെ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അൻവർ തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കുകയാണെങ്കിൽ അസോസിയേറ്റ് അംഗമാക്കാമെന്നായിരുന്നു യുഡിഎഫിൻ്റെ തീരുമാനം. ഈ തീരുമാനം നിരാകരിച്ചു കൊണ്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പ്രവേശനത്തിന് തടസ്സം നിന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന വിമർശനവും അൻവർ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണം കൈയ്യിലില്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു. പിന്നീട് മത്സരിക്കാൻ പണം നൽകാമെന്ന വാഗ്ദാനവുമായി സാധാരണക്കാരായ നിരവധിപ്പേർ രംഗത്ത് വരുന്നുണ്ടെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA