
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. സംഭവം വിവാദമായതോടെ ഇയാൾ കമൻ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.
ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഇന്നലെ ഉച്ചയോടെ പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെടുകയും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കം 290 പേർ മരിക്കുകയും ചെയ്തത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.