HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സായാഹ്ന ചികിത്സ സൗകര്യവുമായി ശാന്തന്‍പാറ കുടുംബാരോഗ്യകേന്ദ്രം

ശാന്തന്‍പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം

ശാന്തന്‍പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എം.എം.മണി എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. ഇവിടെ സായാഹ്ന ചികിത്സ സൗകര്യം ഉടനാരംഭിക്കും. 2018 ല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി 45 ലക്ഷം രൂപയും 2020-21 ല്‍ 80 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ശാന്തന്‍പാറ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയും അനുവദിച്ചാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപ എംഎല്‍എ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്.


ആരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 16 ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഒപി വിഭാഗം, ഫാര്‍മസി, ലാബ്, ഓഫീസ്, പൊതുജനാരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവയ്പ്പ്, ഫാമിലി പ്ലാനിങ്, പാലിയേറ്റീവ് കെയര്‍, ആരോഗ്യ ബോധവല്‍ക്കരണം, എന്‍സിഡി ക്ലിനിക്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, റെഫറല്‍ സര്‍വീസ്, മെഡിക്കല്‍ ക്യാമ്പ് എന്നീ സേവനങ്ങള്‍ ശാന്തന്‍പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന 75 ലധികം രോഗികള്‍ ആശുപത്രിയിലെത്തുന്നു. വൈകിട്ട് ഒപി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്തോടെ 120 ലധികം പേര്‍ക്ക് സേവനം നല്‍കാന്‍ കഴിയും.


പിന്നാക്ക മേഖലയിലെ ആദ്യ സര്‍ക്കാര്‍ ഡിസ്പെന്‍സറികളില്‍ ഒന്നാണ് ശാന്തന്‍പാറ സര്‍ക്കാര്‍ ആശുപത്രി. 1958 ല്‍ ആരംഭിച്ച് 1987 വരെ വളരെ പരിമിതമായ സൗകര്യങ്ങളോടുകൂടി ശാന്തന്‍പാറ സര്‍ക്കാര്‍ റൂറല്‍ ഡിസ്പെന്‍സറി എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് പിന്നീട് പ്രാഥമിക ആരോഗ്യ കേന്ദ്രമായത്. നിലവില്‍ പൂപ്പാറ, തോണ്ടിമല, രാജാപ്പാറ, ശാന്തപാറ എന്നീ നാല് സബ് സെന്ററുകള്‍ ആണുള്ളത്. ഇതില്‍ രാജാപ്പാറ സബ് സെന്ററിന് 2024 ല്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2020 ലാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാന്തന്‍പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA