HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പീരുമേട്ടിലെ സീത മരിച്ചത് എങ്ങനെ..? പൊലീസും വനം വകുപ്പും രണ്ട് തട്ടി‌ൽ... കൊലപാതകമാണെന്ന് വനംവകുപ്പ്, കാട്ടാന ആക്രമണമെന്ന് പൊലീസ്

ഇടുക്കി: പീരുമേട്ടിലെ സീതയുടെ മരണത്തിൽ പൊലീസും വനം വകുപ്പും രണ്ട് തട്ടിൽ

ഇടുക്കി പീരുമേട്ടിലെ സീതയുടെ മരണത്തിൽ പൊലീസും വനം വകുപ്പും രണ്ട് തട്ടിൽ. നടന്നത് കൊലപാതകമാണെന്ന് വനംവകുപ്പ് ഉറപ്പിക്കുമ്പോൾ ,സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണെന്നാണ് പൊലീസ് പറയുന്നത്. സീതയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് ആന ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിന്റെയും ഇവരുടെ രണ്ട് മക്കളുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീതയുടെ മരണം സംഭവിക്കുന്നത്. എന്നാൽ ഞായറാഴ്ചയാണ് സ്ഥലത്ത് പരിശോധന നടന്നത്. അതിനാൽ ഇവിടെ കാട്ടാനയുണ്ടെന്ന പേര് വരുത്തിതീർക്കാൻ കഴിയില്ലെന്നാണ് വനംവകുപ്പിന്റെ അഭിപ്രായം.


തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് നടത്തുന്ന ശ്രമമാണ് ഇതെന്നാണ് സീതയുടെ ഭർത്താവിന്റെ ആരോപണം. സീതയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ ഇന്ന് വിശദമായ റിപ്പോർട്ട് പൊലീസിന് കൈമാറും. പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്തായിരിക്കും പൊലീസിന്റെ തുടർനടപടികൾ.


കഴിഞ്ഞ ദിവസമായിരുന്നു പീരുമേട് സ്വദേശി സീത കാട്ടാന ആക്രമണത്തിൽ മരിച്ചെന്ന് ഭർത്താവ് ബിനു പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെ സീതയെ കൊലപ്പെടുത്തിയതാണ് എന്ന തരത്തിലുള്ള വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകളൊന്നും കാണാത്തതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.കൊലപാതക സമയത്ത് സീതയെ ശക്തമായി അടിക്കുകയും തല രണ്ട് തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുണ്ട്. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്. ശരീരത്തില്‍ പുറത്ത് തലയില്‍ മാത്രമേ പരിക്കുള്ളു.


രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമെന്നായിരുന്നു ബിനു പറഞ്ഞത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നത്. തന്റെ മുന്നില്‍ വെച്ചാണ് കാട്ടാന കൊന്നതെന്ന് ബിനു ആദ്യം പറഞ്ഞിരുന്നു. കാട്ടാന തന്നെയും ആക്രമിച്ചെന്നും വാരിയെല്ലിന് വേദനയുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശബ്ദം കേട്ടെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടതെന്നും ബിനു പറയുകയായിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA