മഞ്ചേശ്വരത്ത് മാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. വൊര്‍ക്കാടി സ്വദേശി മെല്‍വിനാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം വൊര്‍ക്കാടിയില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സാഹായിച്ചത്. ഓട്ടോ വിളിച്ച് പ്രതി ഹൊസങ്കടിയില്‍ എത്തിയെന്നും അവിടെ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു ഓട്ടോഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് 200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടിയത്.
ഉഡുപ്പി ജില്ലയിലെ കുന്ദാപുരയില്‍ നിന്നാണ് മെല്‍വിന്‍ പിടിയിലായത്. മൂന്നു സംഘങ്ങളായി തിരഞ്ഞാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. അതേസമയം മാതാവ് ഫില്‍ഡയെ മെല്‍ബിന്‍ കൊലപ്പെടുത്തിയത് മര്‍ദിച്ചതിന് ശേഷമാണെന്ന സംശയവും ഉയരുന്നുണ്ട്. വീടിനകത്തും പരിസരത്തും രക്തക്കറകള്‍ ഉണ്ടായിരുന്നു. മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. തീപൊള്ളലേറ്റ് മരിച്ച നിലയില്‍ ഫില്‍ഡയെ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ ബന്ധു ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ തുടരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.