HONESTY NEWS ADS

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; സെന്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂൾ താത്ക്കാലികമായി അടച്ചു

സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു

പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും അടക്കം യോഗത്തില്‍ പങ്കെടുക്കും. നേരത്തേ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.


തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.


പൊലീസിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരോപണവിധേയരെ പുറത്താക്കിയതുകൊണ്ട് മാത്രമായില്ലെന്നും അവരുടെ പേര് ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദ്യാര്‍ത്ഥി സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു.. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളാണ് സ്‌കൂള്‍ പിന്തുടരുന്നതെന്നും അവര്‍ ആരോപിച്ചു.


കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരില്‍ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തുക, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റുക, നോട്ട് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളില്‍ നടക്കുന്നതായാണ് ആരോപണം. ഇക്കാര്യങ്ങളില്‍ അടക്കം കൃത്യമായ അന്വേഷണം വേണം. അത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS