HONESTY NEWS ADS

അഹമ്മദാബാദ് വിമാനാപകടം: പൈലറ്റ് സംശയനിഴലില്‍; ഇന്ധന സ്വിച്ച്‌ ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

അഹമ്മാദാബാദ് വിമാനാപകടത്തില്‍ സീനിയർ പൈലറ്റ് സംശയ നിഴലിലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട്

അഹമ്മാദാബാദ് വിമാനാപകടത്തില്‍ സീനിയർ പൈലറ്റ് സംശയ നിഴലിലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട്. ഇന്ധന സ്വിച്ച്‌ ഓഫ് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാള്‍ എന്ന് സംശയമെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മാധ്യമത്തിൻ്റെ റിപ്പോർട്ടിലുള്ളത്. ബ്ലാക്ക് ബോക്സില്‍ റെക്കോർഡ് ചെയ്ത പൈലറ്റുമാരുടെ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട്.


വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച്‌ ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) കണ്ടെത്തല്‍. എന്നാല്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒരു കാരണവശാലും തനിയെ റണ്‍ മോഡില്‍ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ അപകടത്തിന് പിന്നില്‍ പൈലറ്റുമാർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന അഭ്യൂഹങ്ങളും ഉയർന്നു.


വിമാന അപകടത്തിന് കാരണം പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന വാദം തള്ളി ഇന്ത്യൻ കൊമേഷ്യന്‍ പൈലറ്റ്‌സ് അസോസിയേഷൻ (ഐസിപിഎ) രംഗത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും സീനിയർ പൈലറ്റിനെ പഴിചാരി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. കോക്‌പിറ്റ് റെക്കോർഡിങ്ങ് പ്രകാരം സീനിയർ പൈലറ്റാണ് ഇന്ധനസ്വിച്ച്‌ ഓഫ് ചെയ്തതായി വ്യക്തമാണെന്നാണ് വാർത്താ റിപ്പോർട്ട്.


ബ്ലാക്ക് ബോക്സില്‍ നിന്നും വീണ്ടെടുത്ത കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് വാള്‍ സ്ടീറ്റ് ജേണല്‍ റിപ്പോർട്ട്. ഒരു പൈലറ്റ് മറ്റൊരാളോട് "എന്തിനാണ് കട്ട് ഓഫ് ചെയ്തത്" എന്ന് ചോദിക്കുന്നതായി ശബ്ദ രേഖകളില്‍ കേള്‍ക്കാം. മറുപുറത്തുള്ള പൈലറ്റ് താൻ അങ്ങനെ ചെയ്തില്ലെന്ന് മറുപടിയും നല്‍കുന്നുണ്ട്. ഇതാണ് പൈലറ്റിൻ്റെ ആത്മഹത്യാ ശ്രമമാണ് വിമാന അപകടത്തിൻ്റെ കാരണമെന്ന ചർച്ചകളടക്കം ഉയരാൻ കാരണമായത്.


ദി ടെലഗ്രാഫ് റിപ്പോർട്ട് പ്രകാരം, സുമീത് സബർവാളിന് വിഷാദരോഗവും മറ്റ് പല മാനസികാരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെഡിക്കല്‍ ലീവിലായിരുന്നു സുമീത്. 2022-ല്‍ അമ്മയുടെ മരണശേഷം, പ്രായമായ പിതാവിനെ പരിചരിക്കുന്നതിനായി സുമീത് വിരമിക്കാനിരിക്കുകയായിരുന്നെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.


എന്നാല്‍ സുരക്ഷ, ഉത്തരവാദിത്തം, മാനസിക ക്ഷമത എന്നിവയില്‍ പൈലറ്റുമാർ മുന്നിലാണെന്നും സീനിയർ പൈലറ്റ് സുമീത് സബർവാളിന് 15,638 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ടെന്നും കാണിച്ച്‌ പൈലറ്റ്സ് അസോസിയേഷൻ ഇന്ധനസ്വിച്ച്‌ ഓഫ് ചെയ്തത് പൈലറ്റാണെന്ന വാദം തള്ളുകയും ചെയ്തിരുന്നു.


ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബർ: Toll free helpline number: 1056, 0471-2552056)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS