HONESTY NEWS ADS

തൊടുപുഴയിലെ പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു;പിസി ജോര്‍ജിനെതിരെ കേസ്

ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ വീണ്ടും കേസ്

ഇടുക്കി തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ വീണ്ടും കേസ്. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു എന്ന് എഫ്‌ഐആറില്‍ പറയുന്നു. എച്ച്‌ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.

case filed against BJP leader P C George for hate speech in Thodupuzha

പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു. പി സി ജോർജിന്റെ പരാമർശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം.


കേരളത്തില്‍ വർഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. തനിക്ക് പ്രശ്‌നമില്ല. കോടതിയില്‍ തീർത്തോളാമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.


ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പി സി ജോർജ് രാഷ്ട്രീയക്കാരനായി തുടരാൻ അർഹനല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ചാനല്‍ ചർച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസില്‍ മുൻകൂർ ജാമ്യ ഹർജി തളളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.


'മുപ്പതുവർഷത്തോളം എംഎല്‍എയായിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാക്കുന്ന പി സി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ല. രാഷ്ട്രീയ നേതാവ് സമൂഹത്തിന് റോള്‍ മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുളള വിദ്വേഷപ്രസ്താവന മുളയിലേ നുളളണം' എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS