HONESTY NEWS ADS

അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ രേഖപ്പെടുത്തിയ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്നതിനുള്ള സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാർ തമ്മിലെ സംഭാഷണം.


'ഇതാരാണ് ഓഫ് ചെയ്തത്' എന്നായിരുന്നു ഒരു പൈലറ്റിൻ്റെ ചോദ്യം. 'താനല്ല' എന്നാണ് രണ്ടാമൻ മറുപടി പറഞ്ഞത്. വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം. എന്നാൽ ആരാണ് ചോദ്യം ചോദിച്ചതെന്നും ആരാണ് മറുപടി നൽകിയതെന്നും വ്യക്തമല്ല. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. 


സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റിനോ, സഹപൈലറ്റിനോ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തിലെ ഇന്ധനവും തൃപ്തികരമായ നിലയിലായിരുന്നു. യാത്രക്കാരെയും കൂടി ഉൾപ്പെടുത്തിയാൽ അനുവദനീയമായ ഭാരമേ വിമാനത്തിനുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിന് പിന്നാലെ ഇത് ഓൺ ചെയ്തെങ്കിലും ഒരു എഞ്ചിൻ ഭാഗികമായാണ് പ്രവർത്തിച്ചത്. രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിച്ചില്ല. 32 സെക്കൻ്റിൽ വിമാനം നിലംപതിച്ചു. യാന്ത്രികമായി സ്വിച്ചുകൾ പ്രവർത്തിക്കാനുള്ള സാധ്യതയില്ലെന്നാണ് വിവരം. ആരെങ്കിലും ഓഫ് ചെയ്‌തതാണോയെന്ന് വ്യക്തമല്ല. ദുരന്തം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ 230 പേർ യാത്രക്കാരായിരുന്നു. 15 യാത്രക്കാർ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്തത്. അവശേഷിച്ചവർ ഇക്കോണമി ക്ലാസിലുമായിരുന്നു. വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ ആകെ 260 പേരാണ് കൊല്ലപ്പെട്ടത്. ഒരേയൊരു യാത്രക്കാരൻ മാത്രമാണ് ദുരന്തത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS