HONESTY NEWS ADS

റഹീം ട്രസ്റ്റിൽ ബാക്കിയുള്ളത് 11 കോടിയോളം രൂപ; നിമിഷപ്രിയയുടെ മോചനത്തിന് നൽകുന്നതിൽ പ്രതികരിച്ച് കൺവീനർ

നിമിഷപ്രിയയുടെ മോചനത്തിൽ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി

നിമിഷപ്രിയയുടെ മോചനത്തിൽ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി. എന്നാൽ അതുമായി ബന്ധപ്പെട്ട് അപേക്ഷ ഔദ്യോഗികമായി ട്രസ്റ്റിന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് റഹീം നിയമസഹായ ട്രസ്റ്റ് കൺവീനര്‍ കെ കെ ആലിക്കുട്ടി പറഞ്ഞു. അപേക്ഷ വന്നാല്‍ അതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കും.


ഇതുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്‍റെ ഔദ്യോഗിക യോഗം ചേർന്നിട്ടില്ല. അബ്‍ദുൾ റഹീമിനെ പോലെ തന്നെയാണ് നിമിഷപ്രിയയെയും കാണുന്നത്. റഹീം ട്രസ്റ്റിൽ 11 കോടിയോളം രൂപ ബാക്കി ഉണ്ട്. സൗദി ജയിലിൽ ഉള്ള അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനുള്ള ദിയാധനത്തിനായി 48 കോടിയോളം രൂപയാണ് മലയാളികൾ സമാഹരിച്ചത്. ലോക മലയാളികൾ ഒന്നുചേര്‍ന്നാണ് അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനായി പണം സമാഹരിച്ചത്. മൂന്നംഗ ട്രസ്റ്റാണ് റഹീമിനായി രൂപീകരിച്ചത്.


ദിയാധനത്തിന് ശേഷം ബാക്കി പണം റഹീം വന്ന ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. നിമിഷപ്രിയയുടെ കാര്യത്തില്‍ ഔദ്യോഗിക യോഗം ചേര്‍ന്നപ്പോൾ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് പോസിറ്റീവ് പ്രതികരണമാണ് വന്നത്. പക്ഷേ ഈ വിഷയത്തില്‍ ട്രസ്റ്റിനെ ആരും ബന്ധപ്പെട്ടിട്ടില്ല. 19ന് ട്രസ്റ്റ് യോഗം ചേരുമെന്നും കെ കെ ആലിക്കുട്ടി പറഞ്ഞു.


യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇനി അഞ്ച് ദിവസം കൂടി മാത്രമാണ് മുന്നിലുള്ളത്. അതേസമയം, നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭ‍ർത്താവ് ടോമി തോമസ് പറഞ്ഞു. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ടോമി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു. നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.


നിമിഷപ്രിയയുമായി ഫോണിൽ സംസാരിക്കുന്നുണ്ട്. ഗവർണർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇടപെടുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ടോമി പറഞ്ഞു. ബ്ലഡ് മണി യമൻ പൗരന്‍റെ കുടുംബം ഇതി വരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നൽകാൻ തയ്യാറെന്നും ടോമി പ്രതികരിച്ചു. യമനും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാൻ കാരണമെന്നും ടോമി പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS