HONESTY NEWS ADS

കൊച്ചിയിൽ എംഡിഎംഎയും എക്സറ്റസി പില്‍സും പണവും പിടികൂടി; യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, പിടിയിലായത് ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ളവർ

എംഡിഎംഎയും എക്സറ്റസി പില്‍സുമടക്കമുളള ലഹരിയുമായി നാല് പേർ അറസ്റ്റിൽ

എറണാകുളം എളംകുളത്ത് എംഡിഎംഎയും എക്സറ്റസി പില്‍സുമടക്കമുളള ലഹരിയുമായി ഇന്ന് പിടിയിലായത് ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള ചെറുപ്പക്കാര്‍. ഒരു യുവതിയടക്കം നാലു പേരടങ്ങുന്ന സംഘത്തില്‍ നിന്ന് വിദേശ നിര്‍മിത ലഹരിയും ലഹരി വില്‍പനയിലൂടെ സമാഹരിച്ച 1.46 ലക്ഷം രൂപയുമാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.


പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍, കോഴിക്കോട് സ്വദേശി അബു ഷാമില്‍, മലപ്പുറം സ്വദേശി ഫല്‍സാജ് മുഹമ്മദ് അഫാന്‍, കോഴിക്കോട് സ്വദേശി ദിവ്യ എന്നിവരെ നര്‍കോടിക് സെല്‍ എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. എളംകുളം മെട്രോ സ്റ്റേഷന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നാണ് നാല് പേരും പിടിയിലായത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടികൂടി.


ദിവ്യയുടെ പേരിലാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. ദിവ്യയും സുഹൃത്തായ അബു ഷാമിലും ഒന്നിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. എംബിഎ ബിരുദധാരിയായ ദിവ്യ നഗരത്തിലെ ആര്‍കിടെക്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ബിടെക് ബിരുദമുളള അബു ഷാമിലും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. വൈറ്റിലയില്‍ താമസിച്ചിരുന്ന മുഹമ്മദ് ഷാമിലും ഫല്‍സാജും രണ്ടു ദിവസം മുമ്പാണ് എളംകുളത്തെ ദിവ്യയുടെ ഫ്ലാറ്റിലേക്ക് താമസം മാറിയത്.


മുഹമ്മദ് ഷാമിലിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം പുലര്‍ച്ചെ ഫ്ലാറ്റിലെത്തിയത്. പൊലീസിനെ കണ്ടതോടെ ഫ്ലാറ്റിലെ സ്വന്തം മുറി അടച്ച് അകത്തു കയറിയ ദിവ്യയും അബു ഷാമിലും ലഹരി ശുചിമുറിയില്‍ ഒഴുക്കി കളയാന്‍ ശ്രമിച്ചെങ്കിലും നീക്കം പാളി. ബെംഗലൂരുവില്‍ നിന്ന് വില്‍പനയ്ക്കായി ലഹരി എത്തിച്ചുവെന്നാണ് പൊലീസ് അനുമാനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നാല് പേരും നല്‍കിയത്. പല നിറങ്ങളിലുളള എ‌ക്‌സ്‌റ്റസി പില്‍സ് കണ്ടെത്തുന്നത് സമീപകാലത്ത് ആദ്യമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. ജര്‍മന്‍ നിര്‍മിതമാണ് ഇതെന്നും പൊലീസ് പറയുന്നു. റിമാന്‍ഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് കേസ് കൈകാര്യം ചെയ്യുന്ന എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS