.png)
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വളർത്തു നായയുമായെത്തിയ ഡോക്ടർക്കെതരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ആശുപത്രി ആർഎംഒ ഡോക്ടർ ദിവ്യ രാജൻ ആണ് തന്‍റെ വളർത്തു നായയുമായി ആശുപത്രിയിലെ ഓഫിസ് മുറിയിൽ എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പെടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.
നിരവധി രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേക്ക് വളർത്തു നായയുമായി എത്തിയത് അനുചിതമാണെന്നാണ് വിമർശനം. രോഗികൾക്ക് മാത്രമല്ല, വളർത്ത് നായക്കും ഇത് നല്ലതല്ലെന്നും ഡോക്ടർ എന്ന നിലയിൽ വേണ്ട ശ്രദ്ധപോലും ദിവ്യ രാജൻ കൈകൊണ്ടില്ലെന്നുമാണ് വിമർശനമുയരുന്നത്. എന്നാൽ അവധി ദിവസം നായയെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓഫിസിൽ എത്തിയതാണെന്നും, സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് ഡോക്ടർ ദിവ്യ രാജന്‍റെ വിശദീകരണം.
ഗ്രൂമിങ്ങിനായി പോയി മടങ്ങുമ്പോഴാണ് ആശുപത്രിയിൽ കയറിയിത്. വാഹനത്തിൽ നായയെ ഇരുത്തി പോകാൻ കഴിയാത്തത് കൊണ്ടാണ് കൂടെ കൂട്ടിയതെന്നും സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നും ദിവ്യ പറയുന്നു. സൂപ്രണ്ടും ഇത് ശരി വെക്കുന്നുണ്ട്. ഓഫീസിൽ മറന്നുവെച്ച പഴ്സ് എടുക്കുന്നതിനായാണ് ആർഎംഒ എത്തിയതെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.