ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി യുഎൻസിസിഡിയുടെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവിന്‍റെ ഡയറക്ടർ മുരളി തുമ്മാരുകുടി. ഇപ്പോൾ കൊടുത്ത ഉത്തരവ് ഒരു കർശനമായ മുന്നറിയിപ്പായാണ് കണക്കാകക്കേണ്ടത്. 2019ലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും 2025 ജൂലൈ അഞ്ചിലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും സംയോജിപ്പിച്ച് വേണ്ടത്ര സുരക്ഷിതമായി ജീപ്പ് സഫാരി നടത്താൻ മൂന്നു മാസത്തെ ഗ്രേസ് പീരീഡ് അനുവദിക്കുക.
ഈ സമയത്ത് മുൻപ് പറഞ്ഞ കമ്മിറ്റിക്ക് വേണ്ടത്ര സമയം എടുത്ത് ലിസ്റ്റും റൂട്ട് മാപ്പും ഒക്കെ ശരിയാക്കാം. സഫാരി ഓപ്പറേറ്റർമാർക്ക് വാഹനങ്ങൾ നന്നാക്കി എടുക്കുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകുകയും ഒക്കെ ആകാമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഏതൊക്കെ ഡ്രൈവർമാർക്ക് ആണ് പരിശീലനം ഉള്ളത്, ഏത് ഏജൻസികൾക്കാണ് അംഗീകാരം ഉള്ളതെന്നുള്ള വിവരം ഡി ടി പി സി യുടെയോ മറ്റോ വെബ് സൈറ്റിൽ ലഭ്യമാക്കാം. അപ്പോൾ വരുന്ന ടൂറിസ്റ്റുകൾക്കും കൂടുതൽ സുരക്ഷിതമായി തിരഞ്ഞെടുക്കാമല്ലോ. രണ്ട് ലിസ്റ്റിലും ഇല്ലാത്ത ഹെലികോപ്റ്റർ റെസ്ക്യൂ, അഡ്വെഞ്ചർ സ്പോർട്സ് ഇൻഷുറൻസ് എന്നുള്ള വിഷയങ്ങൾ കൂടി ഒന്ന് ശ്രമിക്കണം. കേരളത്തിലെ അഡ്വെഞ്ചർ ടൂറിസം വേറെ ലെവൽ ആക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇടുക്കിയിലെ ജീപ്പ് സഫാരിയെപ്പറ്റി വീണ്ടും.
ഇടുക്കിയിലെ ജീപ്പ് സഫാരി നിരോധിച്ചതിനെ പറ്റി എഴുതിയിരുന്നല്ലോ. സംഗതി സത്യമാണോ എന്നുറപ്പില്ല എന്ന് ഞാൻ പറഞ്ഞിരുന്നു.
ഇല്ല, സംഗതി സത്യമാണ്.
ജൂലൈ അഞ്ചാം തിയതി ഇറക്കിയ ഉത്തരവാണ്.
പൊതുജന സുരക്ഷ മുതൽ പരിസ്ഥിതി സംരക്ഷണം വരെയുള്ള വിവിധ വിഷയങ്ങൾ കണക്കിലെടുത്ത് " All jeep safari operations Throughout Idukki district are hereby prohibited, unless formally authorised through a regulated process under the supervision of the District Administration."
അതിനോടൊപ്പം ഒരു Regularisation Framework നും തുടക്കമിട്ടിട്ടുണ്ട്. സഫാരി നടത്തുന്ന ഏജൻസികളെ/ഡ്രൈവർമാരെ കണ്ടെത്തുക, അനുവദനീയമായ റൂട്ടുകൾ മാപ്പ് ചെയ്യുക എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാനും LSGD (Grama Panchayath), Motor Vehicle department, District Tourism Promotion Council, Revenue Department Forest Department (Where applicable - if routes fall near notified areas) Police Department ഇവരൊക്കെ കൂടി ചേർന്ന് സേഫ്റ്റി ആൻഡ് റൂട്ട് പ്ലാൻ ഉണ്ടാക്കാനും ഉത്തരവിൽ തന്നെ പറഞ്ഞിട്ടുണ്ട്.
ഈ കാര്യങ്ങൾ ഒക്കെ രണ്ടായിരത്തി ഇരുപത്തി അഞ്ച് ജൂലൈ പത്തിന് മുൻപ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി ചെയർ പേഴ്സണ് മുൻപിൽ ഹാജരാക്കണമെന്നും ഉത്തരവിൽ ഉണ്ട്.
ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ, അതായത് വാഹനങ്ങൾ നല്ല നിലവാരം ഇല്ലാത്തതായിരിക്കുക, ഡ്രൈവർമാർക്ക് വേണ്ടത്ര പരിശീലനം ഇല്ലാതിരിക്കുക എന്നിങ്ങനെ ഉളള പ്രശ്നങ്ങൾ ഒക്കെ ശരിയാണ്. ഭരണകൂടം ഇടപെടേണ്ടതുമാണ്.
വാസ്തവത്തിൽ രണ്ടായിരത്തി പത്തൊമ്പതിൽ തന്നെ വിനോദ സഞ്ചാര വകുപ്പിൽ നിന്നും ഇതിലെ അനവധി വിഷയങ്ങൾ (ചിലത് കൂടുതലും) ആയി നിർദ്ദേശിച്ച് ഉത്തരവുണ്ട്. " "കേരള അഡ്വെഞ്ചർ ബേസ്ഡ് ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡിലൈൻസ്".
ആറു വർഷമായിട്ടും അത് നടപ്പിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ. അതുകൊണ്ടായിരിക്കണമല്ലോ ഇപ്പോഴും അതേ സ്ഥിതിയാണെന്ന് വിശകലനത്തിൽ വരുന്നത്.
ഇനിയാണ് വിഷയം.
ആറു വർഷം കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യം അഞ്ചു ദിവസം കൊണ്ട് സാധിക്കുമോ?
ഇത് സാധിച്ചില്ലെങ്കിൽ അതുവരെ ഇടുക്കിയിലെ അഡ്വെഞ്ചർ ടൂറിസം നിറുത്തിവക്കുമോ?, അപ്പോൾ മറ്റു ജില്ലകളിലെ കാര്യമോ?
എന്റെ അഭിപ്രായം പറയാം.
ഇപ്പോൾ കൊടുത്ത ഉത്തരവ് ഒരു കർശനമായ വാണിങ്ങ് ആയി കണക്കാക്കുക. രണ്ടായിരത്തി പത്തൊമ്പതിലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും രണ്ടായിരത്തി ഇരുപത്തി അഞ്ചു ജൂലൈ അഞ്ചിലെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങളും സംയോജിപ്പിച്ച് വേണ്ടത്ര സുരക്ഷിതമായി ജീപ്പ് സഫാരി നടത്താൻ മൂന്നു മാസത്തെ ഗ്രേസ് പീരീഡ് അനുവദിക്കുക.
ഈ സമയത്ത് മുൻപ് പറഞ്ഞ കമ്മിറ്റിക്ക് വേണ്ടത്ര സമയം എടുത്ത് ലിസ്റ്റും റൂട്ട് മാപ്പും ഒക്കെ ശരിയാക്കാം, സഫാരി ഓപ്പറേറ്റർമാർക്ക് വാഹനങ്ങൾ നന്നാക്കി എടുക്കുകയും ഡ്രൈവർമാർക്ക് പരിശീലനം നൽകുകയും ഒക്കെ ആകാം.
ഏതൊക്കെ ഡ്രൈവർമാർക്ക് ആണ് പരിശീലനം ഉള്ളത്, ഏത് ഏജന്സികൾക്കാണ് അംഗീകാരം ഉള്ളതെന്നുള്ള വിവരം ഡി ടി പി സി യുടെയോ മറ്റോ വെബ് സൈറ്റിൽ ലഭ്യമാക്കാം. അപ്പോൾ വരുന്ന ടൂറിസ്റ്റുകൾക്കും കൂടുതൽ സുരക്ഷിതമായി തിരഞ്ഞെടുക്കാമല്ലോ.
രണ്ടു ലിസ്റ്റിലും ഇല്ലാത്ത ഹെലികോപ്റ്റർ റെസ്ക്യൂ, അഡ്വെഞ്ചർ സ്പോർട്സ് ഇൻഷുറൻസ് എന്നുള്ള വിഷയങ്ങൾ കൂടി ഒന്ന് ശ്രമിക്കണം.
കേരളത്തിലെ അഡ്വെഞ്ചർ ടൂറിസം നമുക്ക് വേറെ ലെവൽ ആക്കണം.
നമ്മുടെ യുവാക്കൾക്ക് സാഹസിക വിനോദങ്ങൾ ലഹരിയാകട്ടെ.