HONESTY NEWS ADS

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്

ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി. ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15-ന് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും സമാനമായ ഒരു ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 6.75 കോടി രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാൻ കെ-സോട്ടോയുടെ (K-SOTTO) അനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.


ശരീരത്തിൽ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെക്കാൻ ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം ശാസ്ത്രീയമായി സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ് സ്വന്തം ചർമ്മം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികളിൽ വെച്ചുപിടിപ്പിക്കും. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും. പ്രത്യേക താപനിലയിലും സംവിധാനങ്ങളിലുമാണ് ഇവിടെ ചർമ്മം സംരക്ഷിക്കുന്നത്.


സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ബേൺസ് യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് ഈ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിൻ്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്.


തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ നിലവിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, എറണാകുളം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിലും ബേൺസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ യൂണിറ്റുകളെല്ലാം സ്റ്റാൻഡേർഡൈസ് ചെയ്യാനും സർക്കാർ തീരുമാനിച്ചു.


മെഡിക്കൽ കോളേജുകളിലെ ബേൺസ് ഐ.സി.യുകളിൽ ഒരുക്കിയ തീവ്ര പരിചരണ സംവിധാനങ്ങൾ അണുബാധ കുറയ്ക്കാനും രോഗിക്ക് വേഗത്തിൽ ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേൺസ് ഐ.സി.യുകളിലൂടെ നൽകുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS