നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഭർത്യസഹോദരന്‍റെ 4 മക്കളുടെയും യുവതിയുടെ ഒരു മകന്‍റെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയി.
പാലക്കാടുകാരിയായ യുവതിയെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ജൂലൈ ഒന്നിനാണ് ഇവർ നിപ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.
ഇന്നലെ നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.